മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി ആഘോഷിക്കുന്നു!
2012ലെ മഹാ ദുരന്തം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗീഗാതിക്രമത്തേക്കാള്‍, മാനഭംഗ സംഭവങ്ങള്‍ മാധ്യമങ്ങള്‍ മഹോത്സവങ്ങളായി ആഘോഷിക്കുന്നതാണ്. എന്‍റെ കുട്ടിക്കാലത്ത് ബാര്‍ബര്‍ ഷാപ്പുകളിലും ചായപീടികകളിലും മാത്രം കണ്ടുവന്നിരുന്ന 'ഒറിജിനല്‍ കളര്‍' എന്ന അര്‍ഥം വരുന്ന, അശ്ലീല വാര്‍ത്തകള്‍ നിറഞ്ഞ ഒരു ദിനപത്രം ഉണ്ടായിരുന്നു. ഷേവ് ചെയ്യുമ്പോള്‍ കത്തി കൊണ്ട് മുറിഞ്ഞാലും വേദന അറിയാതിരിക്കാന്‍ ഈ പത്രം ഉപകരിക്കുമത്രേ! ചായ പീദികയില്‍ തേയിലയുടെ കവര്‍പ്പും പഞ്ചാരയുടെ കുറവും അറിയാതിരിക്കാനും ഈ 'ഒറിജിനല്‍ കളര്‍' ഫലപ്രദമത്രേ! പക്ഷെ അന്നൊന്നും ഒരു വീടിന്‍റെയും പടികടന്നു ഈ പത്രം കാണാറില്ലായിരുന്നു. അത്രമാത്രം വിവരവും വിവേകവും നമ്മുടെ കുടുംബ നാഥന്‍മാര്‍ കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് മനോരമ ഉള്‍പ്പെടെ മുന്‍നിര പത്രങ്ങളുടെ നിലവാരം ഇതിലും എത്രയോ മോശം. ഇന്നത്തെ പത്രങ്ങളൊന്നുംതന്നെ കുടുംബ സമേതം വായിക്കരുതെന്ന് നമ്മിലാരൊക്കെ ചിന്തിക്കുന്നു. ഇന്ന് പത്രം വായിച്ചാല്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവന് 101 വഴികള്‍ A - Z പറഞ്ഞു തരും. ഒരുവനോട് പ്രതികാര ചിന്തയുള്ളവന് ഈസിയായി കൊല്ലാന്‍ 101 വഴികള്‍ A - Z. ചെറിയ മോഷണ ശീലമുള്ളവന് എങ്ങനെ ഒരു ജുവലറി ഈസിയായി കൊള്ളയടിക്കാം. 101 വഴികള്‍ A - Z. അധമ വികാരങ്ങളെ താലോലിക്കുന്നവന് പെങ്ങള്‍, അമ്മ, അമ്മൂമ്മ, അമ്മായിഅമ്മ, മകള്‍, മരുമകള്‍, മുലകുടിക്കുന്ന ശിശു വ്യത്യാസമില്ലാതെ കയറിപ്പിടിക്കാന്‍ 101 വഴികള്‍ A - Z. എല്ലാം ഈസി വേ. മുട്ടനാടുകളെ കൂട്ടിമുട്ടിച്ചു ചുടുചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കനെ പോലെ മാധ്യമങ്ങളുടെ അടുത്ത വാര്‍ത്തയ്ക്കായുള്ള ആക്രാന്തത്തോടെയുള്ള കാത്തിരുപ്പ്. പിന്നെയും പോരാഞ്ഞു മാധ്യമങ്ങളുടെ കൊട്ടേഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന അന്വേഷണ പരമ്പര. ആസ്വദിച്ചു നശിക്കാന്‍ ഇതില്‍പ്പരം പിന്നെന്തു വേണം.സദ് വാര്‍ത്ത അറിയിക്കാനും സമാധാനം വിളംബരം ചെയ്യാനും ഉപകാര പെടേണ്ട പത്ര-ദൃശ്യ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ ലോകം നാശത്തിന്‍റെ തൊട്ടു വക്കിലെന്ന് ലോകരെങ്കിലും ഓര്‍ക്കുന്നത് നന്ന്.
എല്ലാവര്‍ക്കും ക്രിസ്തുമസ് സമാധാനവും 2013 സദ് വാര്‍ത്താ വത്സരവും ആശംസിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
സ്നേഹിതന്‍