Popular Posts

Thursday, March 23, 2017

നാട് നന്നാവാന്‍ ഇനി രണ്ടേയുള്ളു മാര്‍ഗ്ഗം.

കേരളത്തിലെ "പ്രമുഖ" പത്രങ്ങളോട് കേണുവീണൊരപേക്ഷ.
കേരളത്തിലെ പ്രമുഖ മനോരമ, പ്രമുഖഭൂമി, പ്രമുഖ കൌമുദി തുടങ്ങി പ്രമുഖ ദിനപ്പത്രങ്ങളെല്ലാം ഇനിമുതല്‍ ദിനപ്പത്രം   ഫാമിലി പതിപ്പ്, കൊമേഴ്സ്യല്‍ പതിപ്പ് എന്ന് രണ്ടായി തിരിച്ച് അച്ചടിച്ച് വിതരണം ചെയ്താല്‍ വളരെ നന്നായിരുന്നു. കൊമേഴ്സ്യല്‍ പതിപ്പിന് ആകെ ചെയ്യേണ്ട മാറ്റം ഒന്നു മാത്രമേ ഉള്ളു. തലക്കെട്ടിനോടൊപ്പം കൊമേഴ്സ്യല്‍ പതിപ്പ് എന്നുകൂടി അച്ചടിക്കുക. ആയത് ചായക്കടകളിലും ബാര്‍ബര്‍ഷോപ്പുകളിലും മറ്റ് വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലും മാത്രം  വിതറണം ചെയ്യുക. ദയവായി വീടുകളില്‍ വിതറണം ചെയ്യാതിരിക്കുക.  ഫാമിലി പതിപ്പില്‍ തലക്കെട്ടില്‍ ഫാമിലി പതിപ്പ് എന്ന് മാത്രം കൊടുത്താല്‍പോരാ. ചരമപ്പേജിനെ വെല്ലുന്ന പീഢനപേജുകളും സകല മസാല വാര്‍ത്തകളും ഒഴിവാക്കുക. കൂടാതെ    മോഷണം, പിടിച്ചുപറി ആതിയായവയുടെ എ-ഇസഡ് വിശദീകരണവും കുറ്റവാളികളുടെ കളര്‍ഫുള്‍ ഫോട്ടോ ഇട്ട് പ്രോത്സാഹിപ്പിക്കലും നിര്‍ത്തുകയും ചെയ്യണം. കാശിനുവേണ്ടി എന്തു പരസ്യവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കുക. നന്മയുള്ള വാര്‍ത്തകളും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ വാര്‍ത്തകളും ധാരാളം ഉള്‍പ്പെടുത്തുക. പേജ് നിറയ്ക്കാന്‍ ആരോഗ്യത്തിന് ഹാനികരമായ കളറുകളും മസാലകളും ഉള്‍പ്പെടുത്താതെ അക്ഷരത്തിന്‍റെ വലുപ്പം കൂട്ടാം.  എന്നെപ്പോലെയുള്ളവര്‍ക്ക്   കണ്ണാടി വാങ്ങാതെ വായിക്കാന്‍ എളുപ്പവുമാകും. സത്യസന്ധമായതും വിശ്വാസയോഗ്യവുമായ പരസ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുക. കാരണം വായനക്കാരന്‍ ഈ പരസ്യങ്ങളും നിങ്ങളില്‍നിന്ന് കാശുകൊടുത്താണ് വാങ്ങി വായിക്കുന്നത്. എന്‍റെ വീടിന്‍റെ മുറ്റത്ത് രണ്ടുവര്‍ഷം മുമ്പ് വീണുകിടന്ന ഒരു ജമന്തിപ്പൂ അവിടെക്കിടന്ന് ഉണങ്ങി മണ്ണില്‍ ഒളിച്ച് ദിവസങ്ങളും മാസങ്ങളും അങ്ങനെ കിടന്നുകാണും. മഴപെയ്തപ്പോള്‍ അതില്‍ ഏതാനും വിത്തുകള്‍ കിളിച്ചു. വളര്‍ന്ന് പൂ പിടിച്ചു. സൌരഭ്യം പരത്തി. ആ ചെടികള്‍ ഉണങ്ങിപ്പോയെങ്കിലും അതില്‍നിന്നും വീണ വിത്തുകള്‍ മണ്ണില്‍ ഒളിക്കുകയും അടുത്ത മഴയത്ത് കിളിര്‍ത്ത് മുറ്റം നിറയെ ജമന്തിച്ചെടികള്‍ നിറയുകയും ചെയ്തു. അതുപോലെയാണ് പ്രമുഖ പത്രങ്ങള്‍  എന്ന വിഷവിത്ത്  നമ്മുടെ മുറ്റത്ത് വിതറുമ്പോഴും സംഭവിക്കുന്നത്. ജമന്തി സൌരഭ്യം പരത്തിയെങ്കില്‍ പ്രമുഖപത്രങ്ങള്‍ പുറപ്പെടുവിക്കുന്നത് കൊടുംവിഷക്കായ്കളാണ്. ആ വിഷക്കായ്കള്‍ക്കിരകളായവരെ നാളെ പുതിയ വാര്‍ത്ത ആക്കുക. അത് വിറ്റ് കാശാക്കുക.  ചര്‍ച്ച ചെയ്യുക. നമ്മെ വീണ്ടും വീണ്ടും വഷളാക്കുക. വെറും കച്ചവടത്തിന്‍റെ ഭാഗമാകരുത് നല്ല പാഠവും മറ്റും. വിഷപാത്രത്തിലല്ല നല്ലപാഠം വിളമ്പേണ്ടത്.  അതിനാല്‍ നമുക്ക് കൈകോര്‍ക്കാം നല്ലൊരു നാടിനായി.  നാട് നന്നാവാന്‍ ഇനി രണ്ടേയുള്ളു  മാര്‍ഗ്ഗം. (ഒന്ന്) പ്രമുഖ പത്രങ്ങള്‍ നല്ലതുമാത്രം വിതറുക. അല്ലെങ്കില്‍   (രണ്ട്) നാം  പ്രമുഖ പത്രങ്ങളെ വീട്ടില്‍നിന്നും പടിയടച്ച് പിണ്ടം വയ്ക്കുക.
നല്ലതു കാണുവാന്‍.... നല്ലതു കേള്‍ക്കുവാന്‍.... ഒത്തിരി ആശയോടെ,
ഗില്‍ബര്‍ട്ട് കെ. എല്‍. കണ്ടച്ചിറ
9400808142

Saturday, March 18, 2017

യൌസേപ്പ് പിതാവിന്‍റെ തിരുന്നാളും ചില ചിന്തകളും

ഇത് മാര്‍ച്ച് മാസം. വി. യൌസേപ്പ് പിതാവിന്‍റെ വണക്കമാസം. നാളെ  മാര്‍ച്ച് 19 .   യൌസേപ്പ് പിതാവിന്‍റെ തിരുന്നാള്‍. നാളെ മിക്ക ദേവാലയങ്ങളിലും യൌസേപ്പ് പിതാവിന്‍റെ ആഘോഷമായ തിരുനാളും സ്നേഹവിരുന്നും ഉണ്ടാകും. നല്ല ആ  മാതൃക പിന്തുടര്‍ന്നാണല്ലോ ഇന്ന് മിക്ക ക്ഷേത്രങ്ങളിലും അന്നദാനവും സമൂഹസദ്യയും നടക്കുന്നത്. എന്‍റെ കുഞ്ഞുനാള്‍ മുതല്‍ ഞാന്‍  വീട്ടിലുണ്ടായിരുന്ന കാലംവരെയും ഞാന്‍ കണ്ടിട്ടുള്ള, അനുകരിച്ചിട്ടുള്ള ഒരു ശീലമുണ്ട്. തിരുനാളിന് ആവശ്യമായ വെള്ളം വീടുകളില്‍നിന്നും കുടംനിറച്ച് പള്ളിയില്‍ എത്തിക്കുക. എത്രയോ വര്‍ഷങ്ങള്‍ ഞാനതു ചെയ്തിട്ടുണ്ട്. ഇന്നാണ് അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ കഴിയുന്നത്. അന്ന് ദൈവം ദാനമായി തന്നതിന്‍റെ നന്ദിയും വെള്ളം കുടി മുട്ടിക്കരുതേ എന്ന പ്രാര്‍ത്ഥനയുമായിരുന്നില്ലേ അത്. ഇന്ന് ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വില 15 രൂപ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്‍റെ അടുത്ത പ്രദേശത്ത് ഒരു ടാങ്ക് വെള്ളം (500 ലിറ്റര്‍) വിതരണത്തിന്  വില 150 മുതല്‍ 300 രൂപവരെയായിരുന്നു. അന്ന് കുടവും വെള്ളവും വീട്ടില്‍നിന്നും  പള്ളിവരെ (കണ്ടച്ചിറ) തോളില്‍ ചുമന്നതിന്‍റെ ഫലം,  കഴിഞ്ഞ 19 വര്‍ഷമായി മാറി മാറി താമസിച്ച വീടുകളിലൊക്കെ സമൃദ്ധമായി നല്ല വെള്ളം കിട്ടിഎന്നതും ഇപ്പോഴും കിട്ടുന്നു എന്നതുമാണ്.  അപ്പോള്‍ നമുക്ക് നന്ദിചൊല്ലി തീര്‍ക്കുവാന്‍ വാക്കുകള്‍ മാത്രം പോരാ. ഇനിയും കുടം നിറച്ചുതന്നെ കൊടുക്കണ്ടേ?
ഇനി സ്നേഹവിരുന്നില്‍ നമുക്ക് അല്പംകൂടി കടന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞില്ലേ എന്നൊരു ചിന്ത. നമ്മുടെ സ്നേഹവിരുന്ന് കഴിയുമ്പോള്‍ മിക്ക ദേവാലയങ്ങളിലും ധാരാളം അരിയും പലവ്യജ്ഞനങ്ങളും പച്ചക്കറികളും അധികം വരാറുണ്ട്. ഇവ നാം ലേലം വിളിച്ച് കൊടുക്കുകയാണ് പതിറ്റാണ്ടുകളായി നമ്മുടെ  പതിവ്. ഇക്കുറി അതിനൊരു മാറ്റം വരുത്തിക്കൂടെ. അധികം വരുന്ന അരിയും പലവ്യജ്ഞനങ്ങളും മറ്റ് ഉപകരണങ്ങളും  ലേലം വിളിക്കാതെ വൈദീകന്‍ ആശീര്‍വദിച്ച് എല്ലാവര്‍ക്കും അല്പംവീതം നേര്‍ച്ചയായി  കൊടുത്തുകൂടെ? ദാനമായി കിട്ടിയത് ദാനമായി കൊടുക്കാന്‍ ദേവാലയംതന്നെ മാതൃക കാണിക്കുന്നതല്ലേ വിശ്വാസജീവിതം?
ഇവിടെ നിറുത്താം. ഒരുതരം.... രണ്ടുതരം.... മൂന്നുതരം.....
ഇതു വായിക്കുന്ന ഏതെങ്കിലും വൈദീകരോ അജപാലനസമിതി അംഗങ്ങളോ ഇക്കാര്യത്തില്‍ മാതൃക കാട്ടാന്‍ മുന്നോട്ടുവരുമോ? വി. യൌസേപ്പ് പിതാവിന്‍റെ തിരുനാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്നുകൊണ്ട്,
ഗില്‍ബര്‍ട്ട് കെ. എല്‍
കണ്ടച്ചിറ

Tuesday, December 20, 2016

റേഷന്‍ പ്രതിസന്ധിക്കെതിരെ പ്രതികരിക്കാന്‍ ഇതാ ഒരു ഗുഡ്ഡന്‍ ഐഡിയാ

ആവശ്യമായ സാധനങ്ങള്‍
1. തൊട്ടടുത്തുള്ള റേഷന്‍ കട
2. മൂന്ന് കല്ലുകള്‍
3. ഒരു വലിയ കലം
4. കലം നിറയെ വെള്ളം
5. കഞ്ഞികുടിക്കാന്‍ എന്ന ഭാവേന പ്ലാവില കോട്ടിയത്.
6. കുടുംബസ്ത്രീകള്‍. (കുടുംബശ്രീകള്‍ക്കുമാകാം.)
7. ആവശ്യത്തിന്  സോറി ആവേശത്തിന് മുദ്രാവാക്യം.
8. തീപ്പെട്ടി (ഒന്ന്)
9.ഉണങ്ങിയ  ചൂട്ടും ചുള്ളിക്കമ്പുകളും.
10. ആവശ്യത്തിന് കഞ്ഞിപ്പാത്രങ്ങള്‍.
11. ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍
തയ്യാറാക്കുന്ന വിധം.
ആദ്യം തൊട്ടടുത്തുള്ള റേഷന്‍ കടയ്ക്കുമുന്നില്‍ നാട്ടിലെ കുടുംബസ്ത്രീകളും കുടുംബശ്രീകളും സമരസജ്ജരാകുക. തുടര്‍ന്ന്  ഒരു റൌണ്ട് മുദ്രാവാക്യം വിളിച്ച് ആളെക്കൂട്ടുക.   ശേഷം മൂന്ന് കല്ലുകള്‍ ത്രികോണാകൃതിയില്‍വച്ച് അതിനുമുകളില്‍ വലിയ കലം വെള്ളം നിറച്ച് വെച്ച് തിളപ്പിക്കുക. അരിയോ ദാഹശമനികളോ അതിലിടരുത്. തിളച്ചുകഴിഞ്ഞാല്‍ അടുപ്പ് കെടുത്തി വെള്ളം അല്പം ആറുന്നതുവരെ  അടുത്ത റൌണ്ട്  മുദ്രാവാക്യം വിളിക്കുക. ആറിയവെള്ളം പാത്രങ്ങളില്‍ പകര്‍ന്ന് ചുറ്റും കൂടിയ എല്ലാവരും കോട്ടിയ പ്ലാവില ഉപയോഗിച്ച് കുടിക്കുക. അതിന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തി വാട്ട്സായിപ്പിലോ ഫെയ്സ്ബുക്കിലോ ഉടന്‍ പോസ്റ്റുക. നാട്ടില്‍ എല്ലാവരും ഷെയര്‍ ചെയ്യുക.
NB: രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കാതിരിക്കുക. ഇതിന്‍റെ വാര്‍ത്ത മനോരമ ഉള്‍പ്പെടെ ഒരു പത്രത്തിനും കൊടുക്കാതിരിക്കുക. ദിസ് ഈസ് എ സൈലന്‍റ് അറ്റാക്ക്. ഓ. കെ..

Saturday, December 10, 2016

കുറേച്ചെ മരിക്കുന്ന വിഷം നല്‍കി ശശികല ജയലളിതയെ കൊന്നുവെന്നോ?

കുറേച്ചെ മരിക്കുന്ന വിഷം നല്‍കി ശശികല ജയലളിതയെ കൊന്നുവെന്നോ? ശശികലയുടെ സ്വന്തം കസ്റ്റഡിയില്‍ ഇരിക്കുന്ന ജയലളിതയെ കൊല്ലാനാണെങ്കില്‍ പേയസ് ഗാര്‍ഡനില്‍വച്ചുതന്നെ ഇതു ചെയ്യാമായിരുന്നില്ലേ? അവിടെ കയറി ചോദിക്കാനുള്ള ധൈര്യം തമിഴ് മക്കളില്‍ ആര്‍ക്കാണുള്ളത്? ആ അവസരം പാഴാക്കി പ്രസിദ്ധമായ ആശുപത്രിയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും ആധുനിക സംവിധാനങ്ങളുടെയും കീഴില്‍ നീണ്ടനാളത്തെ നിരീക്ഷണത്തിന് ഏല്പിച്ചതിനുശേഷം വിഷം കൊടുത്തുവെന്നോ? ഇത്രയും കാലം അവരുടെ രക്തം, ലത്, ലത് ഒന്നും യാതൊരു ലാബറട്ടറിയിലും ടേസ്റ്റ് ചെയ്യാതെയും വിശകലനം ചെയ്യാതെയുമാണോ ഇത്രയും ഉന്നതമായ ഒരു ആശുപത്രി ഉന്നതയായ ഒരു സ്ത്രീയെ ചികിത്സിച്ചത്? ജയലളിതയുടെ രക്തം, ലത്, ലത് ഒന്നും യാതൊരു ലാബറട്ടറിയിലും ടേസ്റ്റ് ചെയ്യാതെയും വിശകലനം ചെയ്യാതെയുമാണോ വിദേശത്തുനിന്നും വന്ന വിദഗ്ധഡോക്ടര്‍ ദിവസങ്ങളോളം ഇവിടെ ചെലവഴിച്ച് ചികിത്സിച്ചത്? പിന്നെ, ജയലളിതയെ ആരെയും കാണിക്കാതെ, വി ഐ പി സന്ദര്‍ശനംപോലും നിരോധിച്ചതെന്തിന് എന്നതിന്‍റെ ഉത്തരം വളരെ ലളിതമല്ലേ? കടുത്ത രോഗമുള്ള പാവപ്പെട്ട ഒരു രോഗിയെപ്പോലും ഐ.സി.യുവില്‍ സന്ദര്‍ശിക്കാന്‍ ഒരു ആശുപത്രി അധികൃതരും സമ്മതിക്കില്ലെന്നത് ആര്‍ക്കാണ് അറിയാത്തത്. പിന്നെ, എല്ലാ ദിവസവും അവരുടെ ചികിത്സാവിവരങ്ങളുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കാനാണെങ്കില്‍ അത് ക്ഷമയോടെ കേള്‍ക്കാനും കാത്തിരിക്കാനുമുള്ള മാനസ്സിക പക്വതയില്ലാത്ത ഒരു സംസ്ഥാനത്ത് എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് അല്പം ഒന്ന് കണ്ണടച്ച് ചിന്തിച്ചാല്‍ ഊഹിക്കാവുന്നതേയുള്ളു. അങ്ങനെയെങ്കില്‍ നാം മലയാളികള്‍ ഇത്രയും ദിവസം പട്ടിണികിടക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. പിന്നെയും ഒരു ആരോപണം മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ആയതിനാല്‍ മരിച്ചിട്ട് പലദിവസങ്ങളായിരുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നുമാണ്. ഒരു പക്ഷേ അവര്‍ ഞായറാഴ്ച വൈകിട്ടുതന്നെ മരിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ പറയപ്പെടുന്നതുപോലെ അടുത്ത ദിവസം രാത്രിയുമാകാം. മരിച്ച് ഉടന്‍തന്നെ സംസ്ക്കാര സമയം തീരുമാനിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ആകില്ലല്ലോ? അപ്പോള്‍ അധികൃതരുടെ അടിയന്തിര നടപടിയാണ് എംബാം ചെയ്ത് കേട്കൂടാതെ സംരക്ഷിക്കുക എന്നത്. ഉന്നത സ്ഥാനീയരുടെ കാര്യത്തില്‍ അതൊരു സാധാരണ നടപടിതന്നെയല്ലേ? ഏതായിരുന്നാലും യാതൊരു സുരക്ഷാ ക്രമീകരണവും ഒരുക്കാതെ അങ്ങനെ ഒരു വാര്‍ത്ത പുറത്തുവന്നിരുന്നെങ്കില്‍ അത് നികത്താനാകാത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഏതൊരു രോഗിക്കും വിശ്വസ്തരായ ആളുടെ സാമീപ്യമാണ് ആശ്വാസം നല്കുന്നത്. അവസാനകാലങ്ങളില്‍ ശശികലയല്ലാതെ മറ്റ് വിശ്വസ്തരായ യാതൊരു തുണയും ഇല്ലാത്ത അവസ്ഥയില്‍ ശരിക്കും ഒരു തോഴിയെപ്പോലെ ഈ രണ്ടരമാസം അവരെ നിഴലായി കൂടെനിന്ന് പരിചരിച്ച ശശികല നന്മയുടെ ആള്‍രൂപമല്ലാതെ പിന്നെന്താണ്? അവസാനമായി പറയട്ടെ, വിഷം കൊടുത്താണ് കൊന്നതെങ്കില്‍ ശവസംസ്ക്കാരത്തിന് സര്‍വ്വാധികാരവുമുണ്ടായിരുന്ന അവര്‍ മൃതദേഹം ദഹിപ്പിക്കുമായിരുന്നില്ലേ? എന്തിന് അടക്കം ചെയ്തു ? എം.ജി.ആറിന്‍റെ മരണവും അതിന്‍റെ ദുരന്തങ്ങളും മനസ്സിലിട്ട് ശശികല ആ നിമിഷങ്ങളില്‍ പിന്നില്‍നിന്ന് ഭരണം നിയന്ത്രിച്ചി്ല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്രയോ ഭീതിതമായേനേ. ജയലളിതയുടെ മരണത്തിലുണ്ടായ തമിഴ് ജനതയുടെ മനസ്സിലെ കനല്‍ കെടുത്താന്‍ ശശികല എടുത്ത നേതൃപാടവം ജയലളിതയെപ്പോലും അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആയതിനാല്‍ ശശികലയ്ക്ക് ദൈവം സര്‍വ്വൈശ്വര്യങ്ങളും നല്‍കുമാറാകട്ടെ.

Monday, November 14, 2016

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്.

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്. 
മോദിജിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രത്യക്ഷത്തില്‍തന്നെ ഫലം കാണാനുണ്ടെന്നാണ് എന്‍റെ പക്ഷം. അത് മുന്നേതന്നെ തനിക്ക് വേണ്ടപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നുവെന്നും അതിന് തെളിവാണ് ഏതോ ബി.ജെ.പി. നേതാവ് തലേദിവസം ഒരുകോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതെന്നും ചിലര്‍
 ആരോപിക്കുന്നുണ്ട്. ഒരുകോടി രൂപയുടെ വ്യാജനോട്ട്  തലേദിവസം ബാങ്കില്‍ നിക്ഷേപിച്ച് ഈ ദിവസങ്ങള്‍ക്കകം ചെറിയ നോട്ടാക്കി മാറ്റിയെങ്കില്‍മാത്രമേ അതിനെ തിരിമറി എന്ന് പറയാവൂ. ഏതൊരു പൌരനും ഇപ്പോഴും ശുദ്ധമായ എ ത്രപണം വേണമെങ്കിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പിന്നെ എന്തഴിമതി? ആ നേതാവ് വിവരം നേരത്തെ മണത്തറിഞ്ഞുകാണും. അയാള്‍ ഉചിതമായി പ്രവര്‍ത്തിച്ചു. അത്രമാത്രം.
ഈ ഓപ്പറേഷന്‍റെ പ്രത്യക്ഷത്തിലുള്ള ഒരു ഗുണം സാധാരണക്കാരായ വീട്ടമ്മമാര്‍പോലും ആവശ്യത്തിന് ചാളപോലും വാങ്ങിക്കഴിക്കാതെ  പൂഴ്ത്തിവച്ചിരുന്ന കെട്ടുകണക്കിന് നോട്ടുകള്‍ പുറത്തെത്തിക്കാനായി എന്നതാണ്. ചെറുകിട കച്ചവടക്കാര്‍ ഏതെങ്കിലും ഉല്‍പ്പന്നം ക്ഷാമമുള്ള കാലത്ത് അമിതമായി സൂക്ഷിച്ചാല്‍ അതിനെ പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞ് കേസെടുക്കാന്‍ വകുപ്പുണ്ട്. അങ്ങനെയെങ്കില്‍ ഏതെങ്കിലും ബാങ്കിലിടാതെ അമിതമായി കയ്യില്‍ സൂക്ഷിക്കുന്നതിനെയും പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞുകൂടേ?  പണ്ട് എന്‍റെ കുഞ്ഞുന്നാളുകളില്‍ 25 പൈസ, 50 പൈസ ഇവയ്ക്കൊക്കെ 4 അണ, 8 അണ  എന്നിങ്ങനെയായിരുന്നു വിളിച്ചിരുന്നത്. 4 അണയ്ക്ക് ധാരാളം ചെറിയ കായല്‍മീനുകളൊക്കെ കിട്ടുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ അസാധുവായ ചെറിയ ചെമ്പ് തുട്ടുകള്‍ കിട്ടുമായിരുന്നു. അതിന് നടുവിലായി വൃത്തത്തില്‍ വെട്ടിമാറ്റിയിരിക്കും. ഇതിന് ചക്രം എന്നാണത്രേ പേര് വിളിച്ചിരുന്നത്. എത്ര അര്‍ഥവത്തായ പേര്.
ചക്രം എന്നാല്‍ ഉരുളുന്നത് എന്നല്ലേ അര്‍ത്ഥം. നാണയവും രൂപയുമെല്ലാം ഇതുപോലെ ഉരുളേണ്ടതുതന്നെ. ഒരു കൈയ്യില്‍നിന്ന് മറ്റൊരു കൈയ്യിലേക്ക്. അവിടെനിന്ന് മറ്റൊരു കൈയ്യിലേക്ക്. പക്ഷെ നാം എന്താ ചെയ്തിരുന്നത്. അതെല്ലാം സ്വന്തം കൈയ്യില്‍ കുന്നുകൂട്ടി. ആ നിലച്ചുപോയ ഒഴുക്ക് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ അത്ഭുതമല്ലേ. നാം ബൈബിളില്‍ വായിച്ചിട്ടില്ലേ? ദൈവം ഉണ്ടാകട്ടെ എന്നു പറഞ്ഞു. അതുണ്ടായി. ഇവിടെ ഇതാ മോദി ഏതാനും മിനിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നു. കുറച്ചുനാള്‍ മുമ്പും ഇതുപോലൊരു മാജിക് മോദിയില്‍നിന്നും നാം കണ്ടതാണ്. എസ്. ബി. റ്റി.യില്‍നിന്നും ഒരു അക്കൌണ്ട് എടുക്കണമെങ്കില്‍ ആഴ്ചകള്‍  ഏറെയെടുക്കുമായിരുന്നു. അന്ന് മോദി ഒരു വാക്ക് പറഞ്ഞു. എന്ത് ലളിതമായി ഒറ്റദിവസംകൊണ്ട് എത്രായിരം പേര്‍ക്ക് അക്കൌണ്ട് തുറന്നുകിട്ടി.
ഇനി സ്വിസ് ബാങ്കിലിട്ടിരിക്കുന്നവരുടെ കാര്യം. ആ പണം ഇനി അവരെങ്ങനെ ധൈര്യമായി നാട്ടില്‍ ചെലവാക്കും? ആ പണം ആ ബാങ്കുകാര്‍ക്ക് ലോണ്‍ കൊടുക്കാനും മറ്റും ചെലവഴിക്കാനേ പറ്റൂ എന്നാണ് എന്‍റെ ചിന്ത. അല്ലെങ്കില്‍ അവിടെ പോയി സ്വിസ് ബാങ്കിന്‍റെ മുന്നിലെ വല്ല തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചുതീര്‍ക്കേണ്ടിവരും.
ഇന്നത്തെ അരക്ഷിതാവസ്ഥ താല്ക്കാലികം മാത്രം. ചിലരുടയൊക്കെ കൈയ്യിലിരിക്കുന്ന ചില്ലറ മണികള്‍കൂടി ഒന്ന് ഇളക്കാമെങ്കില്‍ ഒറ്റദിവസംകൊണ്ട് തീരും ഈ ചില്ലറ ക്ഷാമം. പിന്നെ കമ്പോളം ഉണരും. മാറിക്കിട്ടിയ കാശുകൊടുത്ത് ഇനിയുമിതുപോലെ കൂട്ടിവയ്ക്കാതെ ഏറെപ്പേരും വല്ലതുമൊക്കെ വാങ്ങിച്ചു കഴിക്കും.  അമ്മയ്ക്കും മക്കള്‍ക്കും വേണ്ടതൊക്കെ വാങ്ങിക്കൊടുക്കാന്‍ ഉത്സാഹിക്കും. ഭൂമിവില കുറയും.   പാവപ്പെട്ടവര്‍ക്ക് വീട് വാങ്ങാം. ചെറിയ ചെറിയ ആധാരം എഴുത്ത് കൂടും.
അങ്ങനെ ഇനിയുമുണ്ടേറെ പറയാന്‍. പ്രതികരണങ്ങള്‍ കണ്ടിട്ടെഴുതാം അതെല്ലാം. മോദിജീ അങ്ങയെ ദൈവം സംരക്ഷിക്കട്ടെ.