Friday, December 11, 2015

കാള പ്രസവിക്കുമെന്ന് വിശ്വസിച്ച് കേരളം കാത്തിരുന്നത് ഒരു ദിനം മുഴുവന്‍.


കാള പെറ്റെന്ന് കേട്ടാല്‍ ഉടന്‍ കയറെടുക്കരുത് എന്ന പഴമൊഴി പഠിക്കാത്ത ഒരു മലയാളിപോലും കേരളനാട്ടില്‍ കാണില്ല. പക്ഷെ, പഴമൊഴികളൊക്കെ നമുക്ക് വെറും പഴമൊഴി മാത്രം. പരീക്ഷയ്ക്കെഴുതിയാല്‍ മാര്‍ക്ക് കിട്ടും.ജീവിതയാത്രയില്‍, പ്രായോഗിക തലത്തില്‍ അതൊക്കെ കാണാനോ ചിന്തിക്കാനോ എവിടെ നേരം? നമ്മള്‍ മലയാളികള്‍ ഇന്നലെ ഒരു ദിവസം മുഴുവന്‍ തുലച്ചത് - കണ്ണും കാതും കൂര്‍പ്പിച്ച് കുടുംബസമേതം കാണാന്‍ ആഗ്രഹിച്ച് കാത്തിരുന്ന ആ സി ഡി യുണ്ടല്ലോ? ഉമ്മന്‍ചാണ്ടിയുടെ നഗ്നത.... അതുതന്നെ.
കാശുകൊടുത്താല്‍ മാത്രം കയറ്റിവിടുകയും കാണിക്കുകയും ചെയ്യുന്ന സിനിമാ തിയേറ്ററില്‍പോലും അര്‍ദ്ധ നഗ്നതയെങ്കിലും പ്രദര്‍ശിപ്പിക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധനയ്ക്ക് ശേഷം അവര്‍ നല്‍കുന്ന എ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും പുറത്ത് സിനിമയുടെ  പരസ്യപോസ്റ്ററുകളിലും തിയേറ്ററില്‍ സിനിമ ഓരോ പ്രാവശ്യം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പും പ്രസ്തുത എ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും നിയമമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് എന്ന് പ്രദര്‍ശിപ്പിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നത്? അബദ്ധത്തില്‍പോലും കെട്ട്യോളും കുട്ട്യോളുമായി ആരും ചെന്ന് പെട്ട് നശിച്ചുപോകാതിരിക്കാനുള്ള നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ മുന്നറിയിപ്പാണ് ഇപ്പറയണ സര്‍ട്ടിഫിക്കറ്റ്. പക്ഷെ കുറെ കാലങ്ങളായി നമ്മുടെ ഭവനങ്ങളില്‍ സംഭവിക്കുന്നതെന്താണ്? കടുംബമൊന്നാകെ കാണാന്‍ കൊള്ളാവുന്ന കാര്യങ്ങളാണോ ലൈവായി നമ്മെ കാണിക്കുന്നതും നാം അറിഞ്ഞുകൊണ്ടു കാണുന്നതും. അധികാരികളും ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരും തെറ്റുകളില്‍ പെടുന്നത് എക്കാലത്തും ഉള്ള പ്രവണതയായിരുന്നു. എവിടെയോ ചത്ത എലിയെപ്പിടിച്ച് ബുദ്ധിയുള്ള ആരെങ്കിലും  സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് വീട്ടിലുള്ള  എല്ലാവരെയും മണപ്പിക്കുമോ? എലി ചത്ത് കിടക്കുന്നത് കണ്ടാല്‍ അതിനെ ഉടന്‍ കുഴിച്ചുമൂടുകയോ കുറഞ്ഞപക്ഷം മൂക്കുപൊത്തി കടന്നുപോവുകയോ അല്ലേ ചെയ്യേണ്ടത്? ഇക്കാരണത്താല്‍ ദൃശ്യൃ-ശ്രാവ്യ മാധ്യമങ്ങളെ നാം വീട്ടില്‍നിന്നും കുഴിച്ചുമൂടിയില്ലെങ്കില്‍ കുറഞ്ഞപക്ഷം കണ്ണും കാതും പൂട്ടി ഒഴിഞ്ഞുപോയില്ലെങ്കില്‍ ഈ രാജ്യം കുട്ടിച്ചോറാകും. തീര്‍ച്ച.

Sunday, December 6, 2015

മനോരമ ന്യൂസ് മേക്കര്‍ 2015 ഗുഡ് ന്യൂസ് മേക്കര്‍ ആണോ ബാഡ് ന്യൂസ് മേക്കര്‍ ആണോ?

ഇന്ന് ഗുഡ് മേക്കര്‍മാരാരും ന്യൂസ് മേക്കര്‍മാരാകുന്നില്ല. ബാഡ് മേക്കര്‍മാരെയെല്ലാം മാധ്യമങ്ങള്‍ ദൈവങ്ങളായി കാണുന്ന കാലമാണ് ഇത്. ഒരു വിദ്യാര്‍ത്ഥിക്ക് പാഠപുസ്തകം ദൈവമാണ്. ഒരു തണ്ടാന് കത്താള്‍  ദൈവമാണ്/അന്നമാണ്. ഏതൊരു കൈത്തൊഴിലാളിക്കും അവന്‍റെ പണിയായുധവും അസംസ്കൃത വസ്തുക്കളും ദൈവമാണ്/അന്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മാധ്യമത്തൊഴിലാളികള്‍ക്ക് ബാഡ് മേക്കര്‍മാരാണ് ദൈവവും അന്നവും.
എന്‍റെ നാട് കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിന്‍റെ ഒരു ശാഖയുടെ ഓരത്ത് കണ്ടച്ചിറ എന്ന പഴയ കുഗ്രാമം. ഇന്ന് കൊല്ലം കോര്‍പ്പറേഷന്‍റ ഭാഗം. അവിടെ പണ്ട്  ജനിച്ച് വളര്‍ന്ന ഒരു ഗുഡ് മേക്കര്‍ ഇന്നും ജീവിക്കുന്നുണ്ട്. ഒരു പാവപ്പെട്ട ബീഡി തെറുപ്പ് കാരന്‍റെ ഏഴ് മക്കളിലൊരാളായി ദാരിദ്ര്യത്തില്‍ വളര്‍ന്ന് ദിനവും കിലോ മീറ്ററുകള്‍ നടന്ന് സ്കൂളില്‍പോയി പഠിച്ച് ഐ എ എസ് കരസ്ഥമാക്കി കേരളത്തിലെ പല പദവികള്‍ക്കും ശേഷം കര്‍ണ്ണാടകയില്‍ ചേക്കേറി കര്‍ണ്ണാടക ചീഫ് സെക്രട്ടറിവരെ ഉയര്‍ന്ന ശ്രീ. ജെ അലക്സാണ്ടര്‍. സര്‍വ്വീസ് പൂര്‍ത്തിയാക്കി രാഷ്ട്രീയ പ്രവേശനം നടത്തി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കര്‍ണ്ണാടകയുടെ മുന്‍  മന്ത്രിയായ മലയാളി. ശ്രീ. ജെ അലക്സാണ്ടര്‍. വൈ എം സി എയുടെ മുന്‍ ദേശീയ പ്രസിഡന്‍റ് ശ്രീ. ജെ അലക്സാണ്ടര്‍.  വല്ലപ്പോഴും ഏതെങ്കിലും പരിപാടികളില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നവരുടെ കൂട്ടത്തിലെ ഒരു പേരുകാരന്‍ എന്നതില്‍ കവിഞ്ഞ് ഈ മനുഷ്യന് മനോരമ ഉള്‍പ്പെടെ എന്ത് പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്. അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ ഒന്ന് പ്രൊജക്ട് ചെയ്ത് അവതരിപ്പിച്ചിരുന്നെങ്കില്‍ എത്രയോപേര്‍ക്ക് അത് പ്രത്യാശ നല്‍കിയേനേ. പ്രചോദനം നല്‍കിയേനെ.
എന്നാല്‍ എന്‍റെ നാട്ടുകാരന്‍തന്നെയായ ഒരു സ്ഥിരം മോഷ്ടാവിന് മനോരമ  എത്രയോ തവണ എത്രയോ കോളം കളര്‍ഫുള്‍ പേജുകള്‍ കൊടുത്തിരിക്കുന്നു. ഇയാള്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയാല്‍ തിരികെ ജയിലേക്ക് പോകുന്നത് മനോരമയുടെ കാല്‍പേജ്/അര പേജ് സുസ്മേരവദനനായി നിര്‍ക്കുന്ന കളര്‍ ഫോട്ടോ സഹിതം വാര്‍ത്താ മേക്കറുമായിട്ടായിരിക്കും. ഈ രണ്ടുപേരും ഓരോ ഉദാഹരണങ്ങള്‍ മാത്രം. അങ്ങനെ ആരെല്ലാം ഇതുപോലെ വ്യത്യസ്തരായി പല നാടുകളില്‍.
 ഈ വാര്‍ത്ത വായിച്ചാല്‍ എന്ത് ചലനമാണ്  സമൂഹത്തില്‍ ഉണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?  നിര്‍ദ്ദോഷമായതും  ചലനമുണ്ടാക്കാത്തതുമായ  ഒരു വാര്‍ത്തയും ഒരു പരസ്യവും ഇല്ലെന്നുതന്നെ പറയാം. ഏതാനും നാളുകള്‍ക്കുമുമ്പ് മനോരമ കൊച്ചി എഡിഷനില്‍ ഒരു കൊച്ചുകോളം  തൊഴില്‍ പരസ്യത്തില്‍ കൊടുത്ത ടെലി കോളര്‍ കാരിയുടെ  നമ്പര്‍ എങ്ങനെയോ മാറി പെശകിപ്പോയി. അച്ചടിച്ചുവന്ന നമ്പര്‍ കൊല്ലത്തുള്ള പ്ലസ് വണ്‍ കഴിഞ്ഞ ഒരു പെണ്‍കുട്ടിയുടേത്.
രാവിലെ മുതല്‍ വൈകുവോളം തുരുതുരാവിളി. അതിനാല്‍ പരസ്യം സ്വീകരിക്കുന്ന മാധ്യമങ്ങള്‍ പരസ്യം തരുന്നവരുടെ ആധാര്‍ നമ്പറും കൈവിരലടയാളവുമങ്കിലും പരസ്യത്തില്‍ രേഖപ്പെടുത്തുന്നത് നല്ലത്.
പണ്ട് എന്‍റെ ബാല്യകാലങ്ങളില്‍  ചായക്കടകളിലും ബാര്‍ബര്‍ ഷാപ്പുകളിലും മാത്രം കണ്ടിരുന്ന ഒരു പത്രമുണ്ടായിരുന്നു. യഥാര്‍ത്ഥ കളര്‍ അതാണെന്നാ പറയുന്നെ. പക്ഷെ ആ പത്രം ഒരു വീട്ടിന്‍റെയും പടി കടന്ന് കണ്ടിട്ടില്ല. അത്രമാത്രം ജാഗ്രത നമ്മുടെ കാര്‍ന്നോന്മാര്‍ നമ്മോട് കാണിച്ചിരുന്നു.      കാരണം അതൊരുമാതിരി മഞ്ഞനിറമാണത്രേ. വീടുകളില്‍ മനോരമ, മാതൃഭൂമി, കേരള കൌമുദി, ദീപിക ഇവയായിരുന്നു കാണുക. ഇവ വായിക്കുന്നവര്‍ മുതിര്‍ന്നവരായാലും കുട്ടികളായാലും ഉറക്കെ വായിക്കണം. എല്ലാവര്‍ക്കും കേള്‍ക്കണം. അതായിരുന്നു അന്നത്തെ ഒരു ശീലം. ഇന്ന് ഇതില്‍ ഏത് പത്രമാണ് വീട്ടിന്‍റെ പടി കടത്താന്‍ കൊള്ളാവുന്നത്? ഒന്നിച്ചിരുന്ന് വായിക്കാന്‍ കൊള്ളാവുന്നത്. സത്യത്തില്‍ നിവൃത്തികേടുകൊണ്ടുമാത്രമാണ് ഞാന്‍ മനോരമ വായിക്കുന്നത്.
ഏത് ചാനലിലെ വാര്‍ത്തയാണ് വീട്ടിലെല്ലാരും ഇരുന്ന് കാണാന്‍ കൊള്ളുന്നത്?
ഇന്ന് മനോരമ വായിച്ചാല്‍ വളരെ എളുപ്പത്തില്‍ A-Z ക്രിമിനോളജി പഠിക്കാം. അല്പം ഇസ്ക്കല്‍ സ്വഭാവമുള്ളവന് ഒറ്റ മനോരമ കൊണ്ട് പ്രൊഫണല്‍ മോഷ്ടാവാകാം. മനസ്സില്‍ ആരോടെങ്കിലും അല്പം വിരോധംവച്ച് മനോരമ വായിക്കരുത്. നീ നിഷ് പ്രയാസം ഒരു കൊലപാതകിയാകും. ആരോടെങ്കിലും അല്പം കുശുമ്പ് വച്ചിട്ട് ഒരിക്കലും  നീ മനോരമ വായിക്കരുത്. നീ അവനെ നിഷ്ക്കരുണം അപകീര്‍ത്തിക്കിരയാക്കും. മനസ്സില്‍ ആധിയും വ്യാധിയുമിരിക്കുമ്പോള്‍ ഒരിക്കലും മനോരമ വായിക്കരുത്. നിനക്ക് ജീവിതം അവസാനിപ്പിക്കാന്‍ എളുപ്പമുള്ള 101 വഴികള്‍ മനോരമ പറഞ്ഞുതരും.
അതിനാല്‍ ഒരു മനോരമ വായനക്കാരന്‍ എന്ന നിലയില്‍ മനോരമ പത്രാധിപരോട് ചില കാര്യങ്ങള്‍  പറഞ്ഞുകൊള്ളട്ടെ.
 ഇനിയെങ്കിലും  വാര്‍ത്തകളുടെ പ്രാധാന്യം നേരെ തലതിരിച്ചാക്കണം. നല്ല പൊതുപരിപാടികള്‍ പ്രാധാന്യത്തോടെ കൊടുക്കുക. ബാഡ് ന്യൂസ് കൊടുക്കുന്നത് കുറ്റവാളിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനുവേണ്ടിമാത്രമാകട്ടെ. വരികളും കോളങ്ങളും  പരമാവധി കുറയ്ക്കുക. കാളപെറ്റാല്‍ ഉടന്‍ കയറെടുക്കരുതേ. ആരോപണവിധേയരെയെല്ലാം കുറ്റവാളി എന്ന് വിധിക്കരുതേ. പറഞ്ഞ വാക്കും പറത്തിവിട്ട പഞ്ഞിയും തിരിച്ചുപിടിക്കാനാകില്ലല്ലോ?
ചരമവാര്‍ത്തകള്‍ അല്പംകൂടി വലുപ്പം കൂട്ടി കൊടുക്കുക. പരേതര്‍ മനോരമയ്ക്ക് ആരുമല്ലെങ്കിലും ഓരോ വായനക്കാരനും അവനവന്‍റെ പരിചിതര്‍ വലിയവര്‍തന്നെയാണ്.
യൂണിവേഴ്സിറ്റി വാര്‍ത്തകള്‍, വിദ്യാഭ്യാസം, സ്കോളര്‍ഷിപ്പുകള്‍, തൊഴിലവസര വാര്‍ത്തകള്‍, മറ്റ് പൊതുജനപ്രദമായ വാര്‍ത്തകള്‍ എന്നിവ സര്‍ക്കാര്‍ പരസ്യമായി തരുന്നതിനുമുമ്പേതന്നെ വലിയ പ്രാധാന്യത്തോടെ നല്‍കിക്കൂടേ?
വിഷപ്പാത്രത്തില്‍ പാല് വിളമ്പാതിരിക്കുക.  കുട്ടികള്‍ക്ക് നല്ലപാഠം കൊടുക്കുന്ന പത്രത്തിന്‍റെ പുറംപേജ് വിഷപാഠം കൊണ്ട് നിറയ്ക്കാതിരിക്കുക.
നല്ലത് മാത്രം വിതയ്ക്കാം. നല്ലതുമാത്രം കൊയ്യാം.
നന്മ മാത്രം ചിന്തിക്കാം. നന്മ മാത്രം പ്രവര്‍ത്തിക്കാം. നന്മ മാത്രം പ്രതീക്ഷിക്കാം.
മനോരമയിലൂടെ നന്മയുടെമാത്രം കാഹളനാദം മുഴങ്ങുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തുകൊണ്ട്
ഒരു പാവം മനോരമ വായനക്കാരന്‍

ഗില്‍ബര്‍ട്ട് കെ. എല്‍ കണ്ടച്ചിറ





Tuesday, December 1, 2015

അമ്മച്ചിയുടെയും അപ്പച്ചന്‍റെയും മരിക്കാത്ത ഓര്‍മ്മകള്‍ക്കുമുമ്പില്‍


ഞങ്ങളുടെ അമ്മച്ചി ഞങ്ങളെ വിട്ട് സ്വര്‍ഗ്ഗം തേടിയിട്ട് ഇന്ന് രാത്രി 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.
അപ്പച്ചന്‍ ഞങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ സ്വര്‍ഗ്ഗത്തെതതിയിട്ട് നാളെ രാവിലെ 27 വര്‍ഷങ്ങളും. 

അമ്മച്ചിയുടെയും അപ്പച്ചന്‍റെയും  മരിക്കാത്ത ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു. 



Sunday, November 29, 2015

ഏതാണ് ആ പത്രം? പത്രപരസ്യം മൂലം കബളിപ്പിക്കപ്പെട്ടാൽ പത്രത്തിന്റെ അഡ്വർടൈസ്‌മെന്റ് മാനേജരെ കൂടി പ്രതിയാക്കി കേസെടുക്കണം.

പത്രപരസ്യം മൂലം കബളിപ്പിക്കപ്പെട്ടാൽ പത്രത്തിന്റെ അഡ്വർടൈസ്‌മെന്റ് മാനേജരെ കൂടി പ്രതിയാക്കി കേസെടുക്കണം.
മനോരമ വാർത്ത 29/11 / 2015  
ഏതാണ് ആ പത്രം?



Wednesday, August 26, 2015

റേഷൻ കാർഡിൽ തെറ്റ് തിരുത്തൽ വെബ് സൈറ്റ് ഉടനടി അടിമുടി പരിഷ്കരിക്കണം.

റേഷൻ കാർഡിൽ തെറ്റ് തിരുത്തൽ വെബ് സൈറ്റ് ഉടനടി അടിമുടി പരിഷ്കരിക്കണം.
ഇപ്പോൾ തെറ്റ് തിരുത്താൻ കൊടുത്തിരിക്കുന്ന വെബ് സൈറ്റ്, തെറ്റ് തിരുത്താനാണോ തെറ്റ് കൂട്ടാനാണോ ഉപകരിക്കുക എന്ന കാര്യത്തിൽ സ്നേഹിതന് ഒരഭിപ്രായമേ ഉള്ളു. തെറ്റ് കൂടും. ഇപ്പോൾ കൊടുത്തിരിക്കുന്നതിൽ കാർഡു  വിവരങ്ങൾ മൂന്ന് പേജുകളിലായി ക്രമീകരിച്ചിരിക്കുന്നു.
കാർഡ് ഉടമയുടെ പേര് തന്നെ ഒന്നാം പേജിൽ മൂന്ന് തവണ പല ചോദ്യങ്ങളിലായി ആവർത്തിച്ചിരിക്കുന്നു. എന്തിനാണ് ഈ ആവർത്തനം? ഇതിൽ രണ്ടെണ്ണം ഒഴിവാക്കിയാൽ അത്രയും ലളിതം! 4-ആമത്തെ ചോദ്യത്തിനു ഉത്തരംതന്നെ ചോദ്യമായി പരിണമിച്ചിരിക്കുന്നു
7 (i) പഴയ വാർഡ്‌ നമ്പർ വച്ചവർക്ക് വാർഡിന്റെ പേര് 10 കി.മീ. ദൂരെയായി. രണ്ടാം പേജിൽ പഴയ റേഷൻ കാർഡിലെ ഉൾപേജു കവറിലെപ്പോലെ കോളം ക്രമീകരിച്ചിരിക്കുന്നു. ഇവിടെ തെറ്റുകളുടെ കൂമ്പാരമാണ്. കഴിഞ്ഞ വർഷം  മരണപ്പെട്ട ഭർത്താവിനെ നീക്കി മകനെ ഭർത്താവാക്കുക, ഭർത്താവിനെ മരുമകനാക്കുക, ഭർത്താവിന്റെയും ഭാര്യയുടെയും വയസുകൾ പരസ്പരം മാറ്റുക. അച്ഛന്റെ  പ്രായമുള്ള മകൻ, മകൻ മകളാകുക, മകൾ മകനാകുക, മലയാളത്തിലെ പേര് ഇംഗ്ലീഷിൽ മറ്റൊന്നാകുക തുടങ്ങി ചിരിക്കാനും കരയാനും കോപിക്കാനുമുള്ള വകകൾ  ഏറെ   ഇതിൽ വാർഡു  നമ്പർ ഒഴികെ മിക്ക വിവരങ്ങളും ഏറെ പേരും ശരിയായി രേഖപ്പെടുത്തിയ ഫാറം കൊടുത്തതായി സ്നേഹിതൻ കണ്ടിട്ടുണ്ട്.
ഈ കുഴപ്പങ്ങൾക്കൊക്കെ കാരണം ഉത്തരവാദിത്വവും പ്രവർത്തി പരിചയവും ഇല്ലാത്തവർ DATA  എൻട്രി നടത്തിയതുമൂലവും ആയതു യഥാ സമയം പരിശോധിച്ച് പിഴവുകൾ പരിഹരിക്കാതെ ബന്ധപ്പെട്ടവർ തിടുക്കത്തിൽ പ്രസിധീകരിചതിനാലുമാണു. ആയതിനാൽ ഇപ്പോൾ കാർഡുടമകളെകൊണ്ട് ഈ കൂറ വെബ് സൈറ്റിൽ തിരുത്തി തെറ്റ് കൂട്ടാതെ കാർഡുടമകൾ എഴുതിത്തന്ന ഫാറം ഒന്നുകൂടി ഒത്തുനോക്കി റേഷനിംഗ് വകുപ്പ് നേരിട്ട് വേണ്ട തിരുത്തലുകൾ ചെയ്ത ശേഷം മാത്രം കാർഡുടമകൾ വരുത്തിയ തെറ്റ് തിരുത്താൻ അവർക്ക് അവസരം കൊടുത്താൽ പോരെ? അവനോന്റെ പിഴ അവനോൻ തിരുത്തുന്നതല്ലേ നല്ലത്?
അപ്പോഴും തെറ്റ് തിരുത്തി "പെട്ടിയിൽ" ഇടുന്നതിനു പകരം എഡിറ്റ്‌ അനുവദിക്കുന്ന അതാതു കോള ത്തിൽ തന്നെ തിരുത്തൽ മലയാളത്തിലും ഇംഗ്ലീഷിലും വരുത്താവുന്ന തരത്തിലും എഡിറ്റിനു  ശേഷം തിരുത്തൽ വന്ന പ്രിന്റ്‌ എടുക്കാൻ സാധിക്കുന്ന വിധത്തിലും  വെബ് സൈറ്റ് പുനർ ക്രമീകരിക്കുകയും വേണം. അനാവശ്യ തിടുക്കമല്ലേ  2015 SSLC ഫലംപോലെ ഇതും ഊരാകുടുക്കിലാക്കിയത്.
രണ്ടു മന്ത്രിമാരെ ഒരു വണ്ടിയിൽ കെട്ടാൻ കൊള്ളാമെന്നു മന്ത്രിമാർ സ്വയം തെളിയിക്കുന്നതോ ഉദ്യോഗസ്ഥർ പറയിപ്പിക്കുന്നതോ?



Tuesday, August 25, 2015

മനോരമ പത്രാധിപരുടെ അടിയന്തിര ശ്രദ്ധയ്ക്ക്


മനോരമ പത്രാധിപരുടെ അടിയന്തിര  ശ്രദ്ധയ്ക്ക്

ഈ ദിനപ്പത്രത്തിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപ് അവയുടെ സത്യ സ്ഥിതിയെ സംബന്ധിച്ചു വേണ്ട അന്വേഷണങ്ങൾ നടത്തി  പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം  മാത്രമേ  പത്രത്തിൽ പ്രസിദ്ധീകരിക്കാവൂ എന്ന് മനോരമ പത്രാധിപരോട് കാലിൽ വീണ്  അപേക്ഷിക്കുകയാണേ...

എത്ര തട്ടിപ്പിൻറെ കഥകൾ  കേട്ടാലും മലയാളി പഠിക്കില്ലെന്നാണ് മറു നാട്ടുകാര്  പറയുന്നത്. ഇത് ശരിയല്ല. ഓരോ തട്ടിപ്പിന്റെ കഥകൾ  വായിക്കുമ്പോഴും നാം പഠിക്കുന്ന ഒരു പാഠമുണ്ട്. ഇത്ര എളുപ്പമായി നമുക്ക് എങ്ങനെ മറ്റുള്ളവരെ പറ്റിക്കാം?!

 ഈ തൊട്ടടുത്ത നാളുകളിൽ ഒരു പോലീസ്  മേധാവിയുടെ മുന്നറിയിപ്പ്  ഫൈയ്സ് ബുക്കിൽ കണ്ടു. "രാത്രി വീടിനു പുറത്ത്  കുഞ്ഞു കരയുന്നതോ ടാപ്പ് തുറന്നതോ ആയ സ്വരം കേട്ടാൽ ആരും പുറത്തിറങ്ങരുത്. ഹൈ ടെക് കള്ളന്മാരുടെ തന്ത്രമാനത്രേ." അത് ഫേസ് ബുക്കിൽ  വായിച്ച ആരോ അല്ലേ  അടുത്ത ദിവസം കൊല്ലം രണ്ടാം കുറ്റിയിൽ ഇത് പരീക്ഷിച്ചത്.

മോട്ടോർ  പമ്പ് ഓണ്‍  ചെയ്തു  മഴയുണ്ടാക്കി ടോർച്  അടിച്ചു മിന്നലുണ്ടാക്കി, മഴയും മിന്നലുമെന്നു കരുതി പുതച്ചുമൂടിയ വീട്ടമ്മയുടെ മാല കവരാൻ ശ്രമിച്ച വിരുതൻ ആ സൂത്രം പഠിച്ചത് തലേ ദിവസത്തെ  പോലീസ്  മേധാവിയുടെ മുന്നറിയിപ്പ്  വഴിയല്ലെന്നു കരുതാമോ? അതാണ്‌  മലയാളി.

ഇതാ ചുവടെ ഒരു മലയാളി.
ഇതിൽ നിന്നുപോലും 
പഠിക്കും മലയാളി ഒരു പാ....ഠം!!! പോരെ...



മനോരമയോട് ഒത്തിരി സ്നേഹത്തോടെ 
സ്നേഹിതൻ 



Friday, July 31, 2015

കിളവൻ 'ചത്തിട്ടു' വേണോ നിനക്കൊന്നു കട്ടിലിൽ കയറി കിടക്കാൻ.


മുകളിൽ  കാണുന്നത് ഒരു ഫേസ് ബുക്ക്‌ പോസ്റ്റ്‌. 

പാലം കടക്കുവോളം നാരായണ... നാരായണ ...
പാലം കടന്നാലോ? കൂരായണ... കൂരായണ... 
അല്ലേ!

കിളവൻ 'ചത്തിട്ടു' വേണോ നിനക്കൊന്നു കട്ടിലിൽ കയറി കിടക്കാൻ.
ഒരു പുതിയ 'കട്ടിൽ' വേണമെന്ന് പറയാൻ നിനക്കെന്തേ ധൈര്യമില്ല.
പുതിയ തൊഴിലവസരങ്ങളും തൊഴിൽ മേഖലകളും കണ്ടെത്തുന്ന സർക്കാരിന് എന്റെ വോട്ട് എന്ന് പറയാൻ എന്തേ  നിനക്ക് ധൈര്യമില്ല?
കേരളത്തിൽ തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ  20 ലക്ഷം കവിഞ്ഞില്ലേ?  കേരള സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് 2013ല്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ ഏകദേശം 25 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
പി ഡബ്ലിയൂ. ഡി. ഉൾപ്പെടെ എല്ലാ സർക്കാർ  നിർമ്മാണ മേഖലകളിലും കരാർ നിർമ്മാണം നിർത്തലാക്കി എഞ്ചിനീയർ മുതൽ താഴോട്ടു മൈക്കാടുവരെ പി എസ് സി. വഴി നിയമനം നടത്തിയാൽ എത്രയോ ലക്ഷം അധിക തൊഴിലവസരങ്ങൾ കണ്ടെത്താം? അതിനു ഒരു ഫാക്ടറി തുടങ്ങേണ്ടാ.... വിദേശ നിക്ഷേപം വേണ്ടാ.. സ്ഥലം കണ്ടെത്തേണ്ട... വേണ്ടത് ഇങ്ങനെ വേണം എന്ന് പറയാനുള്ള  യുവാക്കളുടെ ചങ്കൂറ്റം. പിന്നെ ഇങ്ങനെ തൊഴിൽ അവസരം സൃഷ്ടിക്കാൻ സർക്കാരിനുള്ള  ആർജവം.
ഏവർക്കും ഇതിനുള്ള ദർശനം നല്കണേ മിശിഖായേ എന്ന് പ്രാർഥിക്കുന്നു.

ഇരുകൂട്ടരുടെയും ഉറ്റ സ്നേഹിതൻ