Sunday, December 6, 2015

മനോരമ ന്യൂസ് മേക്കര്‍ 2015 ഗുഡ് ന്യൂസ് മേക്കര്‍ ആണോ ബാഡ് ന്യൂസ് മേക്കര്‍ ആണോ?

ഇന്ന് ഗുഡ് മേക്കര്‍മാരാരും ന്യൂസ് മേക്കര്‍മാരാകുന്നില്ല. ബാഡ് മേക്കര്‍മാരെയെല്ലാം മാധ്യമങ്ങള്‍ ദൈവങ്ങളായി കാണുന്ന കാലമാണ് ഇത്. ഒരു വിദ്യാര്‍ത്ഥിക്ക് പാഠപുസ്തകം ദൈവമാണ്. ഒരു തണ്ടാന് കത്താള്‍  ദൈവമാണ്/അന്നമാണ്. ഏതൊരു കൈത്തൊഴിലാളിക്കും അവന്‍റെ പണിയായുധവും അസംസ്കൃത വസ്തുക്കളും ദൈവമാണ്/അന്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മാധ്യമത്തൊഴിലാളികള്‍ക്ക് ബാഡ് മേക്കര്‍മാരാണ് ദൈവവും അന്നവും.
എന്‍റെ നാട് കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിന്‍റെ ഒരു ശാഖയുടെ ഓരത്ത് കണ്ടച്ചിറ എന്ന പഴയ കുഗ്രാമം. ഇന്ന് കൊല്ലം കോര്‍പ്പറേഷന്‍റ ഭാഗം. അവിടെ പണ്ട്  ജനിച്ച് വളര്‍ന്ന ഒരു ഗുഡ് മേക്കര്‍ ഇന്നും ജീവിക്കുന്നുണ്ട്. ഒരു പാവപ്പെട്ട ബീഡി തെറുപ്പ് കാരന്‍റെ ഏഴ് മക്കളിലൊരാളായി ദാരിദ്ര്യത്തില്‍ വളര്‍ന്ന് ദിനവും കിലോ മീറ്ററുകള്‍ നടന്ന് സ്കൂളില്‍പോയി പഠിച്ച് ഐ എ എസ് കരസ്ഥമാക്കി കേരളത്തിലെ പല പദവികള്‍ക്കും ശേഷം കര്‍ണ്ണാടകയില്‍ ചേക്കേറി കര്‍ണ്ണാടക ചീഫ് സെക്രട്ടറിവരെ ഉയര്‍ന്ന ശ്രീ. ജെ അലക്സാണ്ടര്‍. സര്‍വ്വീസ് പൂര്‍ത്തിയാക്കി രാഷ്ട്രീയ പ്രവേശനം നടത്തി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കര്‍ണ്ണാടകയുടെ മുന്‍  മന്ത്രിയായ മലയാളി. ശ്രീ. ജെ അലക്സാണ്ടര്‍. വൈ എം സി എയുടെ മുന്‍ ദേശീയ പ്രസിഡന്‍റ് ശ്രീ. ജെ അലക്സാണ്ടര്‍.  വല്ലപ്പോഴും ഏതെങ്കിലും പരിപാടികളില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നവരുടെ കൂട്ടത്തിലെ ഒരു പേരുകാരന്‍ എന്നതില്‍ കവിഞ്ഞ് ഈ മനുഷ്യന് മനോരമ ഉള്‍പ്പെടെ എന്ത് പ്രാധാന്യമാണ് കൊടുത്തിട്ടുള്ളത്. അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ ഒന്ന് പ്രൊജക്ട് ചെയ്ത് അവതരിപ്പിച്ചിരുന്നെങ്കില്‍ എത്രയോപേര്‍ക്ക് അത് പ്രത്യാശ നല്‍കിയേനേ. പ്രചോദനം നല്‍കിയേനെ.
എന്നാല്‍ എന്‍റെ നാട്ടുകാരന്‍തന്നെയായ ഒരു സ്ഥിരം മോഷ്ടാവിന് മനോരമ  എത്രയോ തവണ എത്രയോ കോളം കളര്‍ഫുള്‍ പേജുകള്‍ കൊടുത്തിരിക്കുന്നു. ഇയാള്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയാല്‍ തിരികെ ജയിലേക്ക് പോകുന്നത് മനോരമയുടെ കാല്‍പേജ്/അര പേജ് സുസ്മേരവദനനായി നിര്‍ക്കുന്ന കളര്‍ ഫോട്ടോ സഹിതം വാര്‍ത്താ മേക്കറുമായിട്ടായിരിക്കും. ഈ രണ്ടുപേരും ഓരോ ഉദാഹരണങ്ങള്‍ മാത്രം. അങ്ങനെ ആരെല്ലാം ഇതുപോലെ വ്യത്യസ്തരായി പല നാടുകളില്‍.
 ഈ വാര്‍ത്ത വായിച്ചാല്‍ എന്ത് ചലനമാണ്  സമൂഹത്തില്‍ ഉണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?  നിര്‍ദ്ദോഷമായതും  ചലനമുണ്ടാക്കാത്തതുമായ  ഒരു വാര്‍ത്തയും ഒരു പരസ്യവും ഇല്ലെന്നുതന്നെ പറയാം. ഏതാനും നാളുകള്‍ക്കുമുമ്പ് മനോരമ കൊച്ചി എഡിഷനില്‍ ഒരു കൊച്ചുകോളം  തൊഴില്‍ പരസ്യത്തില്‍ കൊടുത്ത ടെലി കോളര്‍ കാരിയുടെ  നമ്പര്‍ എങ്ങനെയോ മാറി പെശകിപ്പോയി. അച്ചടിച്ചുവന്ന നമ്പര്‍ കൊല്ലത്തുള്ള പ്ലസ് വണ്‍ കഴിഞ്ഞ ഒരു പെണ്‍കുട്ടിയുടേത്.
രാവിലെ മുതല്‍ വൈകുവോളം തുരുതുരാവിളി. അതിനാല്‍ പരസ്യം സ്വീകരിക്കുന്ന മാധ്യമങ്ങള്‍ പരസ്യം തരുന്നവരുടെ ആധാര്‍ നമ്പറും കൈവിരലടയാളവുമങ്കിലും പരസ്യത്തില്‍ രേഖപ്പെടുത്തുന്നത് നല്ലത്.
പണ്ട് എന്‍റെ ബാല്യകാലങ്ങളില്‍  ചായക്കടകളിലും ബാര്‍ബര്‍ ഷാപ്പുകളിലും മാത്രം കണ്ടിരുന്ന ഒരു പത്രമുണ്ടായിരുന്നു. യഥാര്‍ത്ഥ കളര്‍ അതാണെന്നാ പറയുന്നെ. പക്ഷെ ആ പത്രം ഒരു വീട്ടിന്‍റെയും പടി കടന്ന് കണ്ടിട്ടില്ല. അത്രമാത്രം ജാഗ്രത നമ്മുടെ കാര്‍ന്നോന്മാര്‍ നമ്മോട് കാണിച്ചിരുന്നു.      കാരണം അതൊരുമാതിരി മഞ്ഞനിറമാണത്രേ. വീടുകളില്‍ മനോരമ, മാതൃഭൂമി, കേരള കൌമുദി, ദീപിക ഇവയായിരുന്നു കാണുക. ഇവ വായിക്കുന്നവര്‍ മുതിര്‍ന്നവരായാലും കുട്ടികളായാലും ഉറക്കെ വായിക്കണം. എല്ലാവര്‍ക്കും കേള്‍ക്കണം. അതായിരുന്നു അന്നത്തെ ഒരു ശീലം. ഇന്ന് ഇതില്‍ ഏത് പത്രമാണ് വീട്ടിന്‍റെ പടി കടത്താന്‍ കൊള്ളാവുന്നത്? ഒന്നിച്ചിരുന്ന് വായിക്കാന്‍ കൊള്ളാവുന്നത്. സത്യത്തില്‍ നിവൃത്തികേടുകൊണ്ടുമാത്രമാണ് ഞാന്‍ മനോരമ വായിക്കുന്നത്.
ഏത് ചാനലിലെ വാര്‍ത്തയാണ് വീട്ടിലെല്ലാരും ഇരുന്ന് കാണാന്‍ കൊള്ളുന്നത്?
ഇന്ന് മനോരമ വായിച്ചാല്‍ വളരെ എളുപ്പത്തില്‍ A-Z ക്രിമിനോളജി പഠിക്കാം. അല്പം ഇസ്ക്കല്‍ സ്വഭാവമുള്ളവന് ഒറ്റ മനോരമ കൊണ്ട് പ്രൊഫണല്‍ മോഷ്ടാവാകാം. മനസ്സില്‍ ആരോടെങ്കിലും അല്പം വിരോധംവച്ച് മനോരമ വായിക്കരുത്. നീ നിഷ് പ്രയാസം ഒരു കൊലപാതകിയാകും. ആരോടെങ്കിലും അല്പം കുശുമ്പ് വച്ചിട്ട് ഒരിക്കലും  നീ മനോരമ വായിക്കരുത്. നീ അവനെ നിഷ്ക്കരുണം അപകീര്‍ത്തിക്കിരയാക്കും. മനസ്സില്‍ ആധിയും വ്യാധിയുമിരിക്കുമ്പോള്‍ ഒരിക്കലും മനോരമ വായിക്കരുത്. നിനക്ക് ജീവിതം അവസാനിപ്പിക്കാന്‍ എളുപ്പമുള്ള 101 വഴികള്‍ മനോരമ പറഞ്ഞുതരും.
അതിനാല്‍ ഒരു മനോരമ വായനക്കാരന്‍ എന്ന നിലയില്‍ മനോരമ പത്രാധിപരോട് ചില കാര്യങ്ങള്‍  പറഞ്ഞുകൊള്ളട്ടെ.
 ഇനിയെങ്കിലും  വാര്‍ത്തകളുടെ പ്രാധാന്യം നേരെ തലതിരിച്ചാക്കണം. നല്ല പൊതുപരിപാടികള്‍ പ്രാധാന്യത്തോടെ കൊടുക്കുക. ബാഡ് ന്യൂസ് കൊടുക്കുന്നത് കുറ്റവാളിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനുവേണ്ടിമാത്രമാകട്ടെ. വരികളും കോളങ്ങളും  പരമാവധി കുറയ്ക്കുക. കാളപെറ്റാല്‍ ഉടന്‍ കയറെടുക്കരുതേ. ആരോപണവിധേയരെയെല്ലാം കുറ്റവാളി എന്ന് വിധിക്കരുതേ. പറഞ്ഞ വാക്കും പറത്തിവിട്ട പഞ്ഞിയും തിരിച്ചുപിടിക്കാനാകില്ലല്ലോ?
ചരമവാര്‍ത്തകള്‍ അല്പംകൂടി വലുപ്പം കൂട്ടി കൊടുക്കുക. പരേതര്‍ മനോരമയ്ക്ക് ആരുമല്ലെങ്കിലും ഓരോ വായനക്കാരനും അവനവന്‍റെ പരിചിതര്‍ വലിയവര്‍തന്നെയാണ്.
യൂണിവേഴ്സിറ്റി വാര്‍ത്തകള്‍, വിദ്യാഭ്യാസം, സ്കോളര്‍ഷിപ്പുകള്‍, തൊഴിലവസര വാര്‍ത്തകള്‍, മറ്റ് പൊതുജനപ്രദമായ വാര്‍ത്തകള്‍ എന്നിവ സര്‍ക്കാര്‍ പരസ്യമായി തരുന്നതിനുമുമ്പേതന്നെ വലിയ പ്രാധാന്യത്തോടെ നല്‍കിക്കൂടേ?
വിഷപ്പാത്രത്തില്‍ പാല് വിളമ്പാതിരിക്കുക.  കുട്ടികള്‍ക്ക് നല്ലപാഠം കൊടുക്കുന്ന പത്രത്തിന്‍റെ പുറംപേജ് വിഷപാഠം കൊണ്ട് നിറയ്ക്കാതിരിക്കുക.
നല്ലത് മാത്രം വിതയ്ക്കാം. നല്ലതുമാത്രം കൊയ്യാം.
നന്മ മാത്രം ചിന്തിക്കാം. നന്മ മാത്രം പ്രവര്‍ത്തിക്കാം. നന്മ മാത്രം പ്രതീക്ഷിക്കാം.
മനോരമയിലൂടെ നന്മയുടെമാത്രം കാഹളനാദം മുഴങ്ങുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തുകൊണ്ട്
ഒരു പാവം മനോരമ വായനക്കാരന്‍

ഗില്‍ബര്‍ട്ട് കെ. എല്‍ കണ്ടച്ചിറ





No comments: