കാള പെറ്റെന്ന് കേട്ടാല്‍ ഉടന്‍ കയറെടുക്കരുത് എന്ന പഴമൊഴി പഠിക്കാത്ത ഒരു മലയാളിപോലും കേരളനാട്ടില്‍ കാണില്ല. പക്ഷെ, പഴമൊഴികളൊക്കെ നമുക്ക് വെറും പഴമൊഴി മാത്രം. പരീക്ഷയ്ക്കെഴുതിയാല്‍ മാര്‍ക്ക് കിട്ടും.ജീവിതയാത്രയില്‍, പ്രായോഗിക തലത്തില്‍ അതൊക്കെ കാണാനോ ചിന്തിക്കാനോ എവിടെ നേരം? നമ്മള്‍ മലയാളികള്‍ ഇന്നലെ ഒരു ദിവസം മുഴുവന്‍ തുലച്ചത് - കണ്ണും കാതും കൂര്‍പ്പിച്ച് കുടുംബസമേതം കാണാന്‍ ആഗ്രഹിച്ച് കാത്തിരുന്ന ആ സി ഡി യുണ്ടല്ലോ? ഉമ്മന്‍ചാണ്ടിയുടെ നഗ്നത.... അതുതന്നെ.
കാശുകൊടുത്താല്‍ മാത്രം കയറ്റിവിടുകയും കാണിക്കുകയും ചെയ്യുന്ന സിനിമാ തിയേറ്ററില്‍പോലും അര്‍ദ്ധ നഗ്നതയെങ്കിലും പ്രദര്‍ശിപ്പിക്കണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധനയ്ക്ക് ശേഷം അവര്‍ നല്‍കുന്ന എ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും പുറത്ത് സിനിമയുടെ പരസ്യപോസ്റ്ററുകളിലും തിയേറ്ററില്‍ സിനിമ ഓരോ പ്രാവശ്യം പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പും പ്രസ്തുത എ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നും നിയമമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് എന്ന് പ്രദര്‍ശിപ്പിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നത്? അബദ്ധത്തില്‍പോലും കെട്ട്യോളും കുട്ട്യോളുമായി ആരും ചെന്ന് പെട്ട് നശിച്ചുപോകാതിരിക്കാനുള്ള നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ മുന്നറിയിപ്പാണ് ഇപ്പറയണ സര്‍ട്ടിഫിക്കറ്റ്. പക്ഷെ കുറെ കാലങ്ങളായി നമ്മുടെ ഭവനങ്ങളില്‍ സംഭവിക്കുന്നതെന്താണ്? കടുംബമൊന്നാകെ കാണാന്‍ കൊള്ളാവുന്ന കാര്യങ്ങളാണോ ലൈവായി നമ്മെ കാണിക്കുന്നതും നാം അറിഞ്ഞുകൊണ്ടു കാണുന്നതും. അധികാരികളും ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരും തെറ്റുകളില്‍ പെടുന്നത് എക്കാലത്തും ഉള്ള പ്രവണതയായിരുന്നു. എവിടെയോ ചത്ത എലിയെപ്പിടിച്ച് ബുദ്ധിയുള്ള ആരെങ്കിലും സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് വീട്ടിലുള്ള എല്ലാവരെയും മണപ്പിക്കുമോ? എലി ചത്ത് കിടക്കുന്നത് കണ്ടാല്‍ അതിനെ ഉടന്‍ കുഴിച്ചുമൂടുകയോ കുറഞ്ഞപക്ഷം മൂക്കുപൊത്തി കടന്നുപോവുകയോ അല്ലേ ചെയ്യേണ്ടത്? ഇക്കാരണത്താല്‍ ദൃശ്യൃ-ശ്രാവ്യ മാധ്യമങ്ങളെ നാം വീട്ടില്‍നിന്നും കുഴിച്ചുമൂടിയില്ലെങ്കില്‍ കുറഞ്ഞപക്ഷം കണ്ണും കാതും പൂട്ടി ഒഴിഞ്ഞുപോയില്ലെങ്കില്‍ ഈ രാജ്യം കുട്ടിച്ചോറാകും. തീര്‍ച്ച.
No comments:
Post a Comment