Thursday, February 26, 2015

ജെറോം പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.

ഇന്ന് പുണ്യശ്ലോകനായ ബിഷപ്‌ ജെറോം പിതാവിന്റെ ചരമദിനം.


Tuesday, February 10, 2015

കൊട് കൈ!!!

കേജ്രിവാളിനു സ്നേഹിതന്റെ അഭിനന്ദനങ്ങൾ!
ദൽഹി ജനങ്ങൾ ഒന്നടങ്കം അങ്ങിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ സർവേശ്വരൻ താങ്കൾക്ക് വിവരവും  ജ്ഞാനവും വിവേകവും നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
ഇത് തെളിവ് നയത്തിന്റെ കാലം. രാഷ്രീയ അടവുനയങ്ങൾ വെറും അടവുകളായാൽ ജനം എങ്ങനെ പ്രതികരിക്കണമെന്നു ഇന്ത്യൻ ജനതയ്ക്ക് കാണിച്ചു തന്ന ദൽഹി വോട്ടർമാർക്ക് ഒത്തിരി നന്ദി.
എല്ലാരും കൊട് കൈ!!!

Tuesday, January 27, 2015

ബഹു: ആഭ്യന്തര മന്ത്രിക്കൊരു തുറന്ന കത്ത്

ബാർ കോഴ:  കൈക്കൂലി കൊടുത്തു എന്ന് പറയുന്നവരെ ഉടൻ അറസ്റ്റു ചെയ്യണം.
ബഹു: ആഭ്യന്തര മന്ത്രിക്കൊരു തുറന്ന കത്ത്
കൈക്കൂലി വാങ്ങുന്നതും  കൊടുക്കുന്നതും കുറ്റകരം എന്ന് എല്ലാ സർക്കാർ  ആപ്പീസുകളിലും എഴുതിവച്ചിട്ടില്ലേ. എന്നിട്ടും എന്തേ ബാർ  കോഴ ആരോപണവുമായി ബന്ധപ്പെട്ടു കോഴ കൊടുത്തു എന്ന് പരസ്യമായി അവകാശ വാദം പറഞ്ഞു നടക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്യുന്നില്ല? ശ്രീ  മാണിയോ മറ്റാരെങ്കിലുമോ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ വാങ്ങിയവരെ മാത്രമല്ല കൊടുത്തു എന്ന് അവകാശപ്പെടുന്ന (കുറ്റസമ്മതമല്ല എന്നോർക്കണം) വർക്കെതിരെ, ഈ കേസന്വേഷിക്കാൻ ഒരു പ്രത്യേക സംഘം ഉണ്ടായിട്ടും എന്തേ മടിക്കുന്നു. ഉചിതമായ നടപടി പ്രതീക്ഷിച്ചുകൊണ്ട് ഇത് ഒരു പൊതു താൽപര്യ പരാതിയായി പരിഗണിക്കണമെന്ന അപേക്ഷയോടെ,

ഗിൽബർട്ട് കെ. എൽ
കണ്ടച്ചിറ 

Thursday, January 22, 2015

പി എസ് സി ഉദ്യോഗാർഥികൾക്കൊരു സന്തോഷ വാർത്ത !

 
പി എസ് സി ഉദ്യോഗാർഥികൾക്കൊരു സന്തോഷ വാർത്ത !

Sunday, January 18, 2015

ഒന്നിച്ചൊന്നായ്... ഒരുമയോടെ.... ഒരു മനസോടെ....

റണ്‍ കേരള റണ്‍! ഞാനുമുണ്ട് കൂടെ!
ഒന്നിച്ചൊന്നായ്... ഒരുമയോടെ.... ഒരു മനസോടെ....
സ്നേഹിതാ... നീയുമുണ്ടാകണം.. ദൈവം അനുഗ്രഹിച്ചാൽ.
കൂടാം... റണ്‍ കേരള റണ്‍! ഞാനുമുണ്ട് കൂടെ!

Saturday, December 20, 2014

'മോഷണം'

'മോഷണം'



മോഷണം പാപമാണെന്നു നമുക്കൊക്കെ അറിയാം. എന്നാൽ പാപകരമല്ലാത്ത 'മോഷണ'വുമുണ്ട്. ഇങ്ങനെ ഒന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒന്ന് നിങ്ങൾ വായിച്ചിട്ടോ ചിന്തിച്ചിട്ടോ ധ്യാനിച്ചിട്ടോ ഉണ്ടോ? "നിങ്ങൾ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ.... അരുത്." (ലേവ്യർ 19/ 11). എന്നാണ് കല്പ്പന.
ഉടമ കാണാതെ ഒരു വസ്തു ആരെങ്കിലും കൈവശപ്പെടുത്തുന്നതിനെയാണല്ലോ മോഷണം എന്ന് പറയുന്നത്. എന്നാൽ നിയമാവർത്തന പുസ്തകം 23/ 24,25 വചനങ്ങൾ പറയുന്നു. അയല്ക്കാരന്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോൾ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങൾ പറിച്ചു തിന്നു കൊള്ളുക. എന്നാൽ അവയിലൊന്നുപോലും പാത്രത്തിലാക്കരുത്. അയല്ക്കാരന്റെ ഗോതമ്പ് വയലിലൂടെ കടന്നു പോകുമ്പോൾ  കൈ കൊണ്ട് കതിരുകൾ പറിച്ചെടുത്തു കൊള്ളുക. അരിവാൾ കൊണ്ട് കൊയ്തെടുക്കരുത്." 
ഈ വചനത്തിന്റെ പിൻബലത്തിൽ "ഒരു സാബത്ത് ദിവസം യേശു ഗോതമ്പ് വയലിലൂടെ കടന്നു പോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈ കൊണ്ട് തിരുമ്മിത്തിന്നു." (ലൂക്കാ 6/ 1) എന്ന് കാണാവുന്നതാണ്.
എന്റെ നാട് കൊല്ലം ജില്ലയിൽ കണ്ടച്ചിറയിലാണ്. മുമ്പ് ഒരു ഗ്രാമ പ്രദേശം. ഇന്ന് കൊല്ലം നഗരത്തിന്റെ ഭാഗം. അഷ്ടമുടിക്കായലിന്റെ ഒരു ശാഖയുടെ തീരപ്രദേശം.ഈ കായലോരത്തു മുമ്പ് നാളികേരം നിറഞ്ഞു നില്ക്കുന്ന ധാരാളം തെങ്ങുകൾ ഉണ്ടായിരുന്നു. തെങ്ങുകളുടെ തലപ്പ്‌ കായലിലേക്കും ഭൂമിയിലേക്കും ചാഞ്ഞു കിടക്കുന്ന മനോഹരമായ കാഴ്ച. കൈ തൊടാതെ നടന്നു തെങ്ങിന്റെ മണ്ടയിൽ എത്താം.
നാട്ടിലെ യുവാക്കൾ പലപ്പോഴും ഈ തെങ്ങുകളിൽനിന്നും കരിക്ക് അടത്തു കുടിക്കുക പതിവായിരുന്നു.എങ്കിലും ഒഴി അടക്കുമ്പോൾ തേങ്ങ കുറയാറില്ലായിരുന്നു. എന്നാൽ ഈ അടത്തുകുടി മോഷണമായി തെറ്റിദ്ധരിച്ച ഉടമകൾ ചില പൊടികൈകൾ ചെയ്യാൻ തുടങ്ങി. തെങ്ങ് മുള്ളുകൊണ്ട് പൊത്തുക, തെങ്ങിൻ തടിയിൽ ബ്ലേഡ് കഷ്ണങ്ങൾ കുത്തിവയ്ക്കുക തുടങ്ങിയവ. വർഷങ്ങൾ കടന്നുപോയി. ഇന്ന് പല തെങ്ങിലും തേങ്ങ പോയിട്ട് നല്ല ഓല പോലും ഇല്ല. 
ഉത്സവങ്ങളുടെയും തിരുനാളുകളുടെയും കാലങ്ങളിൽ മുൻപ് രാത്രി, കലാപരിപാടികൾ കാണാൻ പോയി മടങ്ങും വഴി കണ്ട മാവിലെല്ലാം എറിഞ്ഞു മാങ്ങയിട്ട് തിന്നുന്ന യുവാക്കളെയും കുട്ടികളെയും കണ്ടിട്ടുണ്ട്. പക്ഷെ, ആ മാവുകളിൽ ഒന്നും ഉടമ വിറ്റ മാങ്ങയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇന്ന് കൂറ്റൻ ബംഗ്ലാവും മതിൽകെട്ടുകളും വന്നപ്പോൾ മാവിനൊന്നും ഏറു കൊള്ളാതായി. എന്നാൽ മാങ്ങയുടെ എണ്ണം കുറഞ്ഞു. ഉള്ളതിന് പുഴുക്കുത്തും.
എന്റെ വീടിനടുത്തൊരു പള്ളിക്കൂടമുണ്ട്. ചുറ്റുമതിൽ ഇല്ലാതിരുന്ന കാലത്ത് രാത്രിയിൽ യുവാക്കൾ ധാരാളം കരിക്കടത്ത്  ദാഹം തീർത്തിരുന്നു. എന്നാൽ സ്കൂൾ അധികൃതർ അന്ന് വിറ്റ തേങ്ങയ്ക്ക് കുറവുണ്ടായിട്ടില്ല. ഇന്ന് സ്കൂളിനുചുറ്റും വന്മതിൽ ഉയർന്നു. വലിയ സാഹസം കാണിക്കാത്ത ആർക്കും ദാഹം തീർക്കാൻ പറ്റാത്ത സാഹചര്യം. തെങ്ങിന്റെ അവസ്ഥയോ അന്ന് യേശു കണ്ട അത്തിവൃക്ഷം പോലെ ശൂന്യം. അത്തിവൃക്ഷത്തിൽ നിറയെ തളിരിട്ട ഇലകളെങ്കിലും ഉണ്ടായിരുന്നു. ഇവിടെ ഇന്ന് തേങ്ങ പോയിട്ട് നല്ല ഓലയോ കൊതുമ്പോപോലും ഇല്ലാത്ത അവസ്ഥ. 
"അടുത്ത ദിവസം ബഥാനിയായിൽ നിന്നും വരുമ്പോൾ അവനു (യേശുവിന്) വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു നിൽക്കുന്ന ഒരു അത്തിമരം കണ്ട് അതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ച് അടുത്ത് ചെന്നു. എന്നാൽ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല." (മാർ. 11-12-13 ) 
നോക്കണേ, യേശുപോലും വിശന്നപ്പോൾ അകലെ കണ്ട മരത്തിലേക്ക് നോക്കിപോയി !
എന്തുകൊണ്ടാണ് കയ്യേറ്റക്കാർ ഉണ്ടായിരുന്നപ്പോൾ ഫല വർഗങ്ങൾക്ക് കുറവുണ്ടാകാതിരുന്നത്? കയ്യേറ്റക്കാരെ പുറത്താക്കിയപ്പോൾ എന്തുകൊണ്ട് ഫലവർഗങ്ങൾ കുറഞ്ഞു?
എന്റെ ബോധ്യം, ഈ "കയ്യേറ്റക്കാരിലൂടെ" ദൈവം നമ്മുടെ വൃക്ഷത്തലപ്പുകളെ അനുഗ്രഹിച്ചിരുന്നു എന്നാണ്. നാം നമ്മുടെ തെങ്ങിന് മുള്ള് പൊത്തിയപ്പോൾ; നമ്മുടെ പുരയിടത്തിനു ചുറ്റും കൂറ്റൻ മതിലും ഗേറ്റും സ്ഥാപിച്ചപ്പോൾ, യഥാർത്ഥത്തിൽ അനുഗ്രഹ ദാതാവായ ദൈവത്തിന് നമ്മുടെ വൃക്ഷതലപ്പുകളെ സ്പർശിക്കാൻ കഴിയാതെ പോയി.
അതിനാൽ നമ്മുടെ സ്വന്തമെന്നു നാം അവകാശപ്പെടുന്ന വസ്തുക്കളിൽ അന്യർക്കുള്ള യഥാർത്ഥ അവകാശത്തെ സൂചിപ്പിക്കുന്ന ചില തിരുവചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുന്നത് നന്നായിരിക്കും.
"നിങ്ങൾ വയലിൽ കൊയ്യുമ്പോൾ അതിരു തീർത്തു കൊയ്യരുത്. വിളവെടുപ്പിനു ശേഷം കാല പെറുക്കരുത്.. അത് പാവങ്ങൾക്കും പരദേശികൾക്കുമായി വിട്ടു കൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്‌." (ലേവ്യർ 23-22 ) 
"നിങ്ങൾ വയലിൽ വിളവു കൊയ്യുമ്പോൾ ഒരു കറ്റ അവിടെ മറന്നിട്ടു പോയാൽ അതെടുക്കാൻ തിരിയെ പോകരുത്. നിന്റെ ദൈവമായ കർത്താവ്‌ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിനു അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ. ഒലിവ് മരത്തിന്റെ ഫലം തല്ലിക്കൊഴിക്കുമ്പോൾ  കൊമ്പുകളിൽ ശേഷിക്കുന്നത് പറിക്കരുത്‌, അത് പരദേശിക്കും വിധവയ്ക്കും അനാഥനും ഉള്ളതാണ്. മുന്തിരി തോട്ടത്തിലെ ഫലം ശേഖരിക്കുമ്പോൾ കാല പെറുക്കരുത്. അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്." (നിയമാ. 24/19- 21)
"നിങ്ങൾ  ധാന്യം കൊയ്യുമ്പോൾ വയലിന്റെ അതിർത്തി തീർത്തു കൊയ്യരുത്. കൊയ്ത്തിനു ശേഷം കാല പെറുക്കുകയുമരുത്. പാവങ്ങൾക്കും പരദേശികൾക്കുമായി അത്  നീക്കി വയ്ക്കുക. ഞാനാകുന്നു നിങ്ങളുടെ ദൈവമായ കർത്താവ്‌." (ലേവ്യർ 19/9-10)  
പട്ടിണിയുടെ പടുകുഴിയിൽ നിന്നുപോലും ഉള്ളത് പങ്കുവയ്ക്കാൻ തയ്യാറായ വിധവയുടെ മനോഭാവം നമ്മെ വിളവുകളുടെ സമൃദ്ധിയിലേക്ക് നയിക്കുമാറാകട്ടെ. അവിടെ "ഏലിയാ വഴി കർത്താവ്‌  അരുളിച്ചെയ്തതുപോലെ  കലത്തിലെ മാവ്  തീർന്നുപോയില്ല. ഭരണിയിലെ എണ്ണ വറ്റിയുമില്ല. 
( 1 രാജ. 17/ 16)

വാൽകഷണം: 
മോഷ്ടാവ് ഇനിമേൽ മോഷ്ടിക്കരുത്. അവൻ ഇല്ലാത്തവുരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകൾകൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ. 
(എഫേസോസ് 4/ 28)

യേശുക്രിസ്തുവിൽ നിങ്ങളുടെ പ്രിയ കൂട്ടുകാരൻ 

ഗിൽബർട്ട് കെ. എൽ.
കണ്ടച്ചിറ 

    

Thursday, December 18, 2014

മുഖ്യമന്ത്രി ഉടൻ രാജിവച്ചു മദ്യപാനം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കണം


മദ്യനയം : മന്ത്രി കെ. ബാബു എഴുതുന്ന തിരക്കഥ അനുസരിച്ച് മുഖ്യമന്ത്രി അഭിനയിക്കുന്നു. 

പത്തു തൊഴിലാളികൾ ആത്മഹത്യ ചെയ്തു സാ...ർ, അതുകൊണ്ട് മദ്യനയം മാറ്റുന്നു സാ...ർ, എന്ന് മുഖ്യമന്ത്രി നിയമസഭയിൽ കേഴുന്നത് കണ്ടു. പത്തു തൊഴിലാളികൾ ആത്മഹത്യ ചെയ്തെങ്കിൽ അത് ബാർ  പൂട്ടിയതുകൊണ്ടല്ല. അവരുടെ പുനരധിവാസം വൈകുന്നതുകൊണ്ടാണ്. ഈ സത്യം അംഗീകരിക്കാതെ പൂട്ട്‌ തുറക്കുന്നത് നട്ടെല്ലില്ലായ്മയാണു. മദ്യപാനം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കാണിക്കുന്ന വലിയ വിശ്വാസ വഞ്ചനയാണ്. 10 ബാറുകൾ നാളെ തുറക്കണമെന്ന എ ജിയുടെ ഇന്നലത്തെ ഉപദേശം ദുരൂഹത ഉയർത്തുന്നു. അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക എന്ന് കഴിഞ്ഞ ആഗസ്റ്റ്‌ 26 നു തന്നെ സ്നേഹിതൻ എഴുതിയ കാര്യം ഒന്നുകൂടി ഓർത്ത് പോകുന്നു. കോടതി വിധി നടപ്പിലാക്കേണ്ട അവസാന മണിക്കൂറിനു മുൻപ് മുഖ്യമന്ത്രി രാജിവച്ചു മദ്യപാനം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കണമെന്ന് വിനയപുരസരം അപേക്ഷിക്കുന്നു.

വി. എം. സുധീരന് മാത്രം സ്നേഹിതന്റെ അഭിവാദ്യങ്ങൾ. 
വലിയ പ്രതീക്ഷയോടെ
സ്നേഹിതൻ

Tuesday, August 26, 2014
"നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!"
അഡ്വക്കേററ് ജനറൽ - മന്ത്രി കെ. ബാബു അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കുക. ഇന്നു നടക്കുന്ന എക്സ്സൈസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്തു സുതാര്യത ഉറപ്പു വരുത്തുക. ഇന്നലെ കിട്ടിയ അഡ്വക്കേററ് ജനറലിന്റെ നിയമോപദേശം ശ്രീ. കെ. ബാബു 'ചോദിച്ചു' വാങ്ങിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. "നമുക്ക് മന്ത്രി കെ. ബാബു ഉണ്ടല്ലോ? പിന്നെന്തിനു ടെൻഷൻ!" എന്ന് ബാറുടമകളും മുക്കുടിയന്മാരും ആശ്വാസം കൊള്ളുന്ന നിലയിൽ കാര്യങ്ങൾ എത്തി നില്ക്കുന്നു. ഇങ്ങനെ പോയാൽ അടുത്ത ഏപ്രിൽ ഫുള് വരെയെങ്കിലും മുഴുവൻ ബാറും തുറക്കുന്ന നിലയിലേക്ക് ഇന്നത്തെ ഉന്നതതല (ഗൂഡ) യോഗം കടന്നെന്നിരിക്കും. കാത്തിരിക്കാം... കാതോർത്തിരിക്കാം.... ശ്രീ.വി. എം. സുധീരനും ശ്രീ. ഉമ്മൻ ചാണ്ടിക്കും ശ്രീ. കെ. എം. മാണിക്കും മുസ്ലിം ലീഗിനും കേരള കത്തോലിക്കാ മെത്രാൻ സമിതിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്.
നിങ്ങളുടെ സ്വന്തം സ്നേഹിതൻ