Saturday, December 20, 2014

'മോഷണം'

'മോഷണം'



മോഷണം പാപമാണെന്നു നമുക്കൊക്കെ അറിയാം. എന്നാൽ പാപകരമല്ലാത്ത 'മോഷണ'വുമുണ്ട്. ഇങ്ങനെ ഒന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒന്ന് നിങ്ങൾ വായിച്ചിട്ടോ ചിന്തിച്ചിട്ടോ ധ്യാനിച്ചിട്ടോ ഉണ്ടോ? "നിങ്ങൾ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ.... അരുത്." (ലേവ്യർ 19/ 11). എന്നാണ് കല്പ്പന.
ഉടമ കാണാതെ ഒരു വസ്തു ആരെങ്കിലും കൈവശപ്പെടുത്തുന്നതിനെയാണല്ലോ മോഷണം എന്ന് പറയുന്നത്. എന്നാൽ നിയമാവർത്തന പുസ്തകം 23/ 24,25 വചനങ്ങൾ പറയുന്നു. അയല്ക്കാരന്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോൾ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങൾ പറിച്ചു തിന്നു കൊള്ളുക. എന്നാൽ അവയിലൊന്നുപോലും പാത്രത്തിലാക്കരുത്. അയല്ക്കാരന്റെ ഗോതമ്പ് വയലിലൂടെ കടന്നു പോകുമ്പോൾ  കൈ കൊണ്ട് കതിരുകൾ പറിച്ചെടുത്തു കൊള്ളുക. അരിവാൾ കൊണ്ട് കൊയ്തെടുക്കരുത്." 
ഈ വചനത്തിന്റെ പിൻബലത്തിൽ "ഒരു സാബത്ത് ദിവസം യേശു ഗോതമ്പ് വയലിലൂടെ കടന്നു പോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈ കൊണ്ട് തിരുമ്മിത്തിന്നു." (ലൂക്കാ 6/ 1) എന്ന് കാണാവുന്നതാണ്.
എന്റെ നാട് കൊല്ലം ജില്ലയിൽ കണ്ടച്ചിറയിലാണ്. മുമ്പ് ഒരു ഗ്രാമ പ്രദേശം. ഇന്ന് കൊല്ലം നഗരത്തിന്റെ ഭാഗം. അഷ്ടമുടിക്കായലിന്റെ ഒരു ശാഖയുടെ തീരപ്രദേശം.ഈ കായലോരത്തു മുമ്പ് നാളികേരം നിറഞ്ഞു നില്ക്കുന്ന ധാരാളം തെങ്ങുകൾ ഉണ്ടായിരുന്നു. തെങ്ങുകളുടെ തലപ്പ്‌ കായലിലേക്കും ഭൂമിയിലേക്കും ചാഞ്ഞു കിടക്കുന്ന മനോഹരമായ കാഴ്ച. കൈ തൊടാതെ നടന്നു തെങ്ങിന്റെ മണ്ടയിൽ എത്താം.
നാട്ടിലെ യുവാക്കൾ പലപ്പോഴും ഈ തെങ്ങുകളിൽനിന്നും കരിക്ക് അടത്തു കുടിക്കുക പതിവായിരുന്നു.എങ്കിലും ഒഴി അടക്കുമ്പോൾ തേങ്ങ കുറയാറില്ലായിരുന്നു. എന്നാൽ ഈ അടത്തുകുടി മോഷണമായി തെറ്റിദ്ധരിച്ച ഉടമകൾ ചില പൊടികൈകൾ ചെയ്യാൻ തുടങ്ങി. തെങ്ങ് മുള്ളുകൊണ്ട് പൊത്തുക, തെങ്ങിൻ തടിയിൽ ബ്ലേഡ് കഷ്ണങ്ങൾ കുത്തിവയ്ക്കുക തുടങ്ങിയവ. വർഷങ്ങൾ കടന്നുപോയി. ഇന്ന് പല തെങ്ങിലും തേങ്ങ പോയിട്ട് നല്ല ഓല പോലും ഇല്ല. 
ഉത്സവങ്ങളുടെയും തിരുനാളുകളുടെയും കാലങ്ങളിൽ മുൻപ് രാത്രി, കലാപരിപാടികൾ കാണാൻ പോയി മടങ്ങും വഴി കണ്ട മാവിലെല്ലാം എറിഞ്ഞു മാങ്ങയിട്ട് തിന്നുന്ന യുവാക്കളെയും കുട്ടികളെയും കണ്ടിട്ടുണ്ട്. പക്ഷെ, ആ മാവുകളിൽ ഒന്നും ഉടമ വിറ്റ മാങ്ങയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇന്ന് കൂറ്റൻ ബംഗ്ലാവും മതിൽകെട്ടുകളും വന്നപ്പോൾ മാവിനൊന്നും ഏറു കൊള്ളാതായി. എന്നാൽ മാങ്ങയുടെ എണ്ണം കുറഞ്ഞു. ഉള്ളതിന് പുഴുക്കുത്തും.
എന്റെ വീടിനടുത്തൊരു പള്ളിക്കൂടമുണ്ട്. ചുറ്റുമതിൽ ഇല്ലാതിരുന്ന കാലത്ത് രാത്രിയിൽ യുവാക്കൾ ധാരാളം കരിക്കടത്ത്  ദാഹം തീർത്തിരുന്നു. എന്നാൽ സ്കൂൾ അധികൃതർ അന്ന് വിറ്റ തേങ്ങയ്ക്ക് കുറവുണ്ടായിട്ടില്ല. ഇന്ന് സ്കൂളിനുചുറ്റും വന്മതിൽ ഉയർന്നു. വലിയ സാഹസം കാണിക്കാത്ത ആർക്കും ദാഹം തീർക്കാൻ പറ്റാത്ത സാഹചര്യം. തെങ്ങിന്റെ അവസ്ഥയോ അന്ന് യേശു കണ്ട അത്തിവൃക്ഷം പോലെ ശൂന്യം. അത്തിവൃക്ഷത്തിൽ നിറയെ തളിരിട്ട ഇലകളെങ്കിലും ഉണ്ടായിരുന്നു. ഇവിടെ ഇന്ന് തേങ്ങ പോയിട്ട് നല്ല ഓലയോ കൊതുമ്പോപോലും ഇല്ലാത്ത അവസ്ഥ. 
"അടുത്ത ദിവസം ബഥാനിയായിൽ നിന്നും വരുമ്പോൾ അവനു (യേശുവിന്) വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു നിൽക്കുന്ന ഒരു അത്തിമരം കണ്ട് അതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന് വിചാരിച്ച് അടുത്ത് ചെന്നു. എന്നാൽ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല." (മാർ. 11-12-13 ) 
നോക്കണേ, യേശുപോലും വിശന്നപ്പോൾ അകലെ കണ്ട മരത്തിലേക്ക് നോക്കിപോയി !
എന്തുകൊണ്ടാണ് കയ്യേറ്റക്കാർ ഉണ്ടായിരുന്നപ്പോൾ ഫല വർഗങ്ങൾക്ക് കുറവുണ്ടാകാതിരുന്നത്? കയ്യേറ്റക്കാരെ പുറത്താക്കിയപ്പോൾ എന്തുകൊണ്ട് ഫലവർഗങ്ങൾ കുറഞ്ഞു?
എന്റെ ബോധ്യം, ഈ "കയ്യേറ്റക്കാരിലൂടെ" ദൈവം നമ്മുടെ വൃക്ഷത്തലപ്പുകളെ അനുഗ്രഹിച്ചിരുന്നു എന്നാണ്. നാം നമ്മുടെ തെങ്ങിന് മുള്ള് പൊത്തിയപ്പോൾ; നമ്മുടെ പുരയിടത്തിനു ചുറ്റും കൂറ്റൻ മതിലും ഗേറ്റും സ്ഥാപിച്ചപ്പോൾ, യഥാർത്ഥത്തിൽ അനുഗ്രഹ ദാതാവായ ദൈവത്തിന് നമ്മുടെ വൃക്ഷതലപ്പുകളെ സ്പർശിക്കാൻ കഴിയാതെ പോയി.
അതിനാൽ നമ്മുടെ സ്വന്തമെന്നു നാം അവകാശപ്പെടുന്ന വസ്തുക്കളിൽ അന്യർക്കുള്ള യഥാർത്ഥ അവകാശത്തെ സൂചിപ്പിക്കുന്ന ചില തിരുവചനങ്ങൾ ഹൃദയത്തിൽ സംഗ്രഹിക്കുന്നത് നന്നായിരിക്കും.
"നിങ്ങൾ വയലിൽ കൊയ്യുമ്പോൾ അതിരു തീർത്തു കൊയ്യരുത്. വിളവെടുപ്പിനു ശേഷം കാല പെറുക്കരുത്.. അത് പാവങ്ങൾക്കും പരദേശികൾക്കുമായി വിട്ടു കൊടുക്കണം. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്‌." (ലേവ്യർ 23-22 ) 
"നിങ്ങൾ വയലിൽ വിളവു കൊയ്യുമ്പോൾ ഒരു കറ്റ അവിടെ മറന്നിട്ടു പോയാൽ അതെടുക്കാൻ തിരിയെ പോകരുത്. നിന്റെ ദൈവമായ കർത്താവ്‌ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിനു അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ. ഒലിവ് മരത്തിന്റെ ഫലം തല്ലിക്കൊഴിക്കുമ്പോൾ  കൊമ്പുകളിൽ ശേഷിക്കുന്നത് പറിക്കരുത്‌, അത് പരദേശിക്കും വിധവയ്ക്കും അനാഥനും ഉള്ളതാണ്. മുന്തിരി തോട്ടത്തിലെ ഫലം ശേഖരിക്കുമ്പോൾ കാല പെറുക്കരുത്. അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്." (നിയമാ. 24/19- 21)
"നിങ്ങൾ  ധാന്യം കൊയ്യുമ്പോൾ വയലിന്റെ അതിർത്തി തീർത്തു കൊയ്യരുത്. കൊയ്ത്തിനു ശേഷം കാല പെറുക്കുകയുമരുത്. പാവങ്ങൾക്കും പരദേശികൾക്കുമായി അത്  നീക്കി വയ്ക്കുക. ഞാനാകുന്നു നിങ്ങളുടെ ദൈവമായ കർത്താവ്‌." (ലേവ്യർ 19/9-10)  
പട്ടിണിയുടെ പടുകുഴിയിൽ നിന്നുപോലും ഉള്ളത് പങ്കുവയ്ക്കാൻ തയ്യാറായ വിധവയുടെ മനോഭാവം നമ്മെ വിളവുകളുടെ സമൃദ്ധിയിലേക്ക് നയിക്കുമാറാകട്ടെ. അവിടെ "ഏലിയാ വഴി കർത്താവ്‌  അരുളിച്ചെയ്തതുപോലെ  കലത്തിലെ മാവ്  തീർന്നുപോയില്ല. ഭരണിയിലെ എണ്ണ വറ്റിയുമില്ല. 
( 1 രാജ. 17/ 16)

വാൽകഷണം: 
മോഷ്ടാവ് ഇനിമേൽ മോഷ്ടിക്കരുത്. അവൻ ഇല്ലാത്തവുരുമായി പങ്കുവയ്ക്കാൻ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകൾകൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ. 
(എഫേസോസ് 4/ 28)

യേശുക്രിസ്തുവിൽ നിങ്ങളുടെ പ്രിയ കൂട്ടുകാരൻ 

ഗിൽബർട്ട് കെ. എൽ.
കണ്ടച്ചിറ 

    

No comments: