Friday, April 10, 2015

വിശപ്പിൻറെ ഭീകരത പകർത്തിയ ചിത്രവും ചില ചിന്തകളും

എൻറെ  ഫ്രിഡ്ജിൽ ദിവസങ്ങളോളം കഴിക്കാനുള്ള ഭക്ഷണം ഇരിക്കുന്നു. പക്ഷെ, ഒരു നേരം കഴിക്കാനില്ലാത്തവനെ ഓർക്കുമ്പോൾ ഞാൻ അര വയർ തികച്ചു കഴിക്കുകയില്ല. മിച്ചം ഒരു മണി കളയാതെ ഫ്രിഡ്ജിൽ തിരുകി വയ്ക്കും. നാളെ അതിൽനിന്നെടുത്തു  അല്പ്പം ചൂടാക്കി അരവയർ കഴിക്കും. അങ്ങനെ ഒരു തരി ഭക്ഷണം ഞാൻ  നഷ്ടപെടുത്തിയില്ല എന്ന കാരണത്താൽ ഞാൻ ചെയ്യുന്നത് പുണ്യമാകുമോ ? ഒരിക്കലുമില്ല. 

ഒരിക്കൽ ഒരാൾ  പറഞ്ഞു: എലിയെ കൊല്ലാൻ പുതിയ ഒരു വിദ്യ ഉണ്ട്. അല്പ്പം ചോറിൽ പാരസിറ്റമോൾ ഗുളിക പൊടിച്ചു എലിക്കു കൊടുത്താൽ മതിയെന്ന്. ഞാൻ പറഞ്ഞു വെറുതെ പാരസിറ്റമോൾ  വാങ്ങിച്ചു  എന്തിനു പൈസ  കളയണം. ഫ്രിഡ്ജി ലിരിക്കുന്ന ചോറങ്ങ് കൊടുത്താൽ പോരെ.അറിയാണ്ടെങ്ങാനും  എലി തിന്നാൽ തീര്ച്ചയായും ചത്തിരിക്കും.

നാം അതാതു ദിവസം അധികം വരുന്നത് വച്ച് ചീത്തയാക്കാതെ പുറത്തെറിഞ്ഞാൽ പക്ഷികളുടെയോ ജന്തുക്കളുടെയോ വിശപ്പടങ്ങും. ഫ്രിഡ്ജിൽ വച്ച് ദിവസം കഴിഞ്ഞത് പക്ഷിയോ  ജന്തുക്കളൊ ചിതല് പോലുമോ തിന്നില്ല. അതിനാൽ 
 'അന്ന്' എനിക്കൊരു സ്വരം കേൾക്കാം : എനിക്ക് വിശന്നു. നീ ആഹാരം തന്നില്ല.

ഞാൻ  കുഞ്ഞുനാളു മുതൽ വെള്ളത്തിൻറെ ബുദ്ധിമുട്ട് നല്ലതുപോലെ അറിഞ്ഞാണ് വളർന്നത്‌. പക്ഷെ കഴിഞ്ഞ 15 വർഷമായി ഞാൻ താമസിച്ച  വീടുകളിലൊന്നും വെള്ളത്തിൻറെ ദാരിദ്ര്യം അറിഞ്ഞിട്ടില്ല. ഇന്ന് ഏപ്രിൽ 10 ആയി. വേനൽ വളരെ കടുത്തിരിക്കുന്നു. പലർക്കും കുടിവെള്ളം പോലും കിട്ടാനില്ല. എന്നാൽ  ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഒന്നിലധികം തൊടി വെള്ളമുണ്ട്. ഇത്രയും വെള്ളമുള്ള ഞാൻ  ദിവസവും അര ബക്കറ്റ് വെള്ളത്തിൽ മാത്രം കുളിച്ചാൽ അത് പുണ്യമാകുമോ ? ഒരിക്കലുമില്ല.

വഴിയാത്രക്കാർക്കെങ്ങിലും അല്പം മൊത്തിക്കുടിക്കാൻ കിണറിന്റെ മൂടി ഞാൻ തുറന്നില്ലെങ്കിൽ
 'അന്ന്' എനിക്കൊരു സ്വരം കേൾക്കാം : എനിക്ക് ദാഹിച്ചു. നീ എനിക്ക് കുടിക്കാൻ തന്നില്ല.
  
ഉപയോഗിക്കുന്നതിലെ ലാളിത്യത്തെക്കാൾ പങ്കു വയ്ക്കുന്നതിലെ ധാരാളിത്തമാകട്ടെ നമ്മുടെ പുണ്യം.

വാൽക്കഷണം : വംശനാശം സംഭവിച്ച ഒരു പഴമൊഴി?
ഉത്തരം: മുറ്റത്തെ ചെപ്പിനു അടപ്പില്ല. (കിണർ )
ഇന്ന് സ്ട്രോങ്ങ്‌  അടപ്പിട്ടു ഗോദ്റെജ്  പൂട്ടിട്ടാണ് പൂട്ട്‌ .  

No comments: