Friday, June 5, 2015

മനോരമയ്ക്കു ഈ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ കൈ കഴുകാൻ കഴിയും?


മനോരമയ്ക്കു ഈ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ കൈ കഴുകാൻ കഴിയും?
മനോരമയുടെ 'ക്രൈം ബ്രാഞ്ച്" എഴുതുകാരായ ജിജോ ജോണ്‍ പുത്തേടത്ത്, വി ആര പ്രതാപ്, ലെനിൻ ചന്ദ്രൻ എന്നിവർക്കൊക്കെ  എത്ര വയസുണ്ടെന്നു എനിക്കറിഞ്ഞുകൂടാ. ഒരു പക്ഷെ ചെറുപ്പക്കാരാണെങ്കിൽ  അവർ മനോരമയുടെ പരസ്യ പേജുകൾ ശ്രദ്ധിക്കുന്ന പ്രായം ആകുന്നതിനു മുന്നേ മനോരമയിൽ അനുദിനം വന്നുകൊണ്ടിരുന്ന വളരെ ചെറിയ പരസ്യ കോളങ്ങൾ ആയിരുന്നു ആട്. തേക്ക്, മാഞ്ചിയം പരസ്യം. ഒരു ആടിൻറെ വില മണി ഓർഡർ ചെയ്‌താൽ മലയാളി തമിഴ്നാടിൽ ഒരു വലിയ ആട് ഫാമിൻറെ ഉടമയാകുമത്രേ.! കേരളത്തിൽ കുറച്ചു  കുറ്റിമുല്ല ചെടി വാങ്ങാൻ  വേണ്ട വില യോളം മണി യോർഡർ ചെയ്താൽ മലയാളിയുടെ പേരിൽ തമിഴ്നാട്ടിൽ ഏക്കറു കണക്കിന് സ്ഥലത്ത് തേക്കിന്റെയും   മാഞ്ചിയത്തിന്റെയും തൈ നടും. അത് വളരും. കാതലാകും. മുറിച്ചു വിറ്റ് തുക മലയാളിയുടെ പേരിൽ തിരികെ   മണി ഓർഡർ ചെയ്യും.
ആട് പെറ്റു പെറ്റു  കൂട്ടും! വിറ്റു കിട്ടുന്ന ആട്ടിൻ പാലിൻറെയും ആട്ടിറച്ചിയുടെയും വില തുരു തുരാ മണി ഓർഡർ ആയി മലയാള മണ്ണിലേക്ക് തിരികെ. എന്ത് സുഖം.!
പ്ലാവില കുത്തേണ്ട. കാടി കലക്കേണ്ട. ആടിന്റെ "കാലു പിടിക്കേണ്ട",
 കുന്താലി  തൊടേണ്ട. വെള്ളമൊഴിക്കേണ്ട, വളമിടെണ്ടാ,
എന്ത് സുഖം.! ഈ "സുഖവിവരം" മലയാളി അറിഞ്ഞതെങ്ങനെ.
ശിവകാശിയിൽ പോസ്റ്റർ അച്ചടിക്കാൻ  പോയ ആരെങ്കിലും വന്നു പറഞ്ഞു അറിഞ്ഞ  വിവരമല്ലിത്. മലയാളിയുടെ സ്വന്തം  മനോരമയിൽ വന്ന കൊച്ചു പരസ്യതിൽനിന്നുമാണ്‌ മലയാളി ഈ വിവരം അറിഞ്ഞത്. കാലം കുറെ കഴിഞ്ഞു. പറ്റിപ്പെല്ലാം പറ്റി  മലയാളി മിണ്ടാതിരുന്നു. അപ്പോഴാണ്‌ മനോരമ അക്കാര്യം ശ്രദ്ധിച്ചത്.  പരസ്യം  കിട്ടുന്നില്ല. വരുമാനം കുറഞ്ഞു. ഉടൻ 'മനോരമ ക്രൈം ബ്രാഞ്ച്' തൊപ്പി വച്ച്  ലാത്തിയെടുത്ത് ഒറ്റയിറക്കം.
കണ്ടു! എന്ത് കണ്ടു? അവിടെ ആട്ടിൻപൂട പോലുമില്ലെന്ന്. തേക്കിൻറെയും മാഞ്ചിയത്തിന്റെയും ഇലപോലും അവിടില്ലത്രേ.
വെച്ച് കാച്ചി കോരിത്തരിപ്പിക്കുന്ന ഒരു അന്വേഷണ പരമ്പര.
മലയാളിക്ക് രാവിലെ ചായയോടൊപ്പം ചവയ്ക്കാൻ ഒരിത്!
കാലചക്രം പിന്നെയും ഉരുണ്ടു. കേരളം കണികണ്ടുണരുന്ന തിന്മ / നന്മയെ വെല്ലുന്ന കടുക്കട്ടി പാലുകളുമായി മലയാളികളെ തേടി  മനോരമയിലൂടെ എത്രയോ പരസ്യം. പാല് കുടിച്ചു  'മലയാളി "കൊഴുത്തപ്പോൾ" പരസ്യം  നിന്നു. ഉടൻ 'മനോരമ ക്രൈം ബ്രാഞ്ച്' തൊപ്പി വച്ച്  ലാത്തിയെടുത്ത് വീണ്ടും ഒറ്റയിറക്കം..
കണ്ടു! എന്ത് കണ്ടു?  അവിടെ പാലുണ്ടാകാൻ കന്നുകാലി വേണ്ടത്രേ. വീണ്ടും വെച്ച് കാച്ചി കോരിത്തരിപ്പിക്കുന്ന ഒരു അന്വേഷണ പരമ്പര.
 മലയാളിക്ക് രാവിലെ ചായയോടൊപ്പം ചവയ്ക്കാൻ ഒരിത്!
കാലചക്രം പിന്നെയും ഉരുണ്ടു.
ഇതാ, സാന്റിയാഗോ മാർടിൻ എന്ന അവതാരം ഉടലെടുത്തു. കേരള ലോട്ടറി കുത്തുപാളയെടുത്ത്‌ കടത്തിണ്ണയിൽ ഇരിക്കും പരുവത്തിൽ ഭൂട്ടാൻ, നേപ്പാൾ ലോട്ടറിക ളുടെ പരസ്യം നല്കി കേരള സർക്കാരിനെ  വഞ്ചിച്ചതിൽനിന്നു
മനോരമയ്ക്കു എങ്ങനെ കൈ കഴുകാൻ കഴിയും?
അതെ 'മനോരമ ക്രൈം ബ്രാഞ്ച്'  ഒടുവിൽ സാന്റിയാഗോ മാർട്ടിനെതിരെയും
വെച്ച് കാച്ചി കോരിത്തരിപ്പിക്കുന്ന ഒരു അന്വേഷണ പരമ്പര.
മലയാളിക്ക് രാവിലെ ചായയോടൊപ്പം ചവയ്ക്കാൻ ഒരിത്!
ജനം എല്ലാം മറന്നു. കാലചക്രം പിന്നെയും ഉരുണ്ടു.
ഒരു പരസ്യം മനോരമയിൽ എത്തിയാൽ അത് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പരസ്യത്തിൽ വിവരിക്കുന്ന നാട്ടിലെ പോലീസ്  സ്റ്റെഷനിലൊ പോസ്റ്റ്‌ ഓഫീസിലോ, കുറഞ്ഞപക്ഷം ആ നാട്ടിലെ പത്ര വിതറണക്കാരനോടോ ചോദിച്ചാൽ കുറേയൊക്കെ തട്ടിപ്പുകൾ മനോരയ്ക്ക് കണ്ടെത്താനും അധികാരികളെ അറിയിക്കാനും സാധിക്കും. പക്ഷെ പരസ്യ വരുമാനം കുറയും. എങ്കിലും അതാണ്‌ പത്രധർമ്മം. മനോരയ്ക്ക് പണ്ടു പണ്ട്  അതുണ്ടായിരുന്നു. ഇന്ന് പത്ര അധർമ്മം  മുഖമുദ്ര. അതും കാശ് മുടക്കി പത്രം വായിക്കുന്ന ജനങ്ങളോട്.
നടീ -നടന്മാർ തെറ്റായ പരസ്യത്തിൽ അഭിനയിക്കുന്നത് കുറ്റമാണെങ്കിൽ ആ പരസ്യം പ്രചരിപ്പിക്കുന്ന പത്ര ദ്രിശ്യ മാധ്യമങ്ങൾ എങ്ങനെ കുറ്റവിമുക്തമാകും? അവർക്കാര് മണി കെട്ടും?

No comments: