Thursday, March 3, 2016

എൻറെ പ്രിയ കൂട്ടുകാരേ,

എൻറെ പ്രിയ കൂട്ടുകാരേ,
പ്ലീസ്..... ഒരു നിമിഷം പ്രാർത്ഥിക്കുമോ? ഉപേക്ഷ വിചാരിക്കരുതേ...
കൊല്ലം ഇരവിപുരം സ്വദേശികളായ ജോബ്-റാണി ദമ്പതികളുടെ പൊന്നോമന മകൾ ജിൻസി (4 വയസ്സ്) ബ്രയിൻ ട്യൂമർ ബാധിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദയവായി ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിക്കണമേ...
ഈശോയുടെ തിരുവിലാവിലെ ജലമേ... ജിൻസിമോളെ കഴുകണമേ...
ഈശോയുടെ തിരുരക്തമേ.... ജിൻസിമോളെ കഴുകണമേ...
സൌഖ്യം നല്‍കണമേ...
വാഴ്ത്തപ്പെട്ട മദർ തെരേസായേ... ജിൻസി മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ. സൌഖ്യം വാങ്ങിത്തരണമേ. ആമേൻ.


Saturday, February 27, 2016

പാപ്പ നല്കിയ 'ഹോം വർക്ക് '

പാപ്പ നല്കിയ 'ഹോം വർക്ക് '
എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ  ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട്  എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു. എന്റെ ജനന തീയതിക്കും ഒരു വലിയ പ്രത്യേകത  ഉണ്ട്. അന്നാണ് ലോക വിഡ്ഢി ദിനം. 1966 ഏപ്രിൽ 1. വിഡ്ഢിയെ  കഴുതയെന്നു  വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?
എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്  യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.

Thursday, February 18, 2016

251 രൂപയ്ക്ക് സ്മാർട്ട് ഫോൺ സത്യാവസ്ഥ അന്വേഷിച്ച് നടപടി എടുക്കണം.

251 രൂപയ്ക്ക് സ്മാർട്ട് ഫോൺ  സത്യാവസ്ഥ അന്വേഷിച്ച് നടപടി എടുക്കണം.
ഇന്ന് ഒറ്റ ദിവസം കൊണ്ട് ഈ സരിത മോഡൽ കമ്പനി കോടിക്കണക്കിന് ഓര്‍ഡറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ പൈസ ഏത് ബാങ്കിൻറെ ഏത് അക്കൌണ്ടിലേക്കാണ് പോകുന്നത്?  ഈ തുക എങ്ങോട്ടൊക്കെയാണ് പിൻവലിക്കപ്പെടുന്നത്? അടിയന്തിരമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സംവിധാനത്തിന് പരിമിതികളും കാലവിളംബവും ഉണ്ടാകാമെന്നിരിക്കേ ഇത് മുതലാക്കി ദീർഘമായ 4 മാസത്തേയ്ക്ക് ജനങ്ങളെ കാത്തിരിപ്പിച്ച് പറ്റിക്കാനാണെങ്കിൽ, ഇവരുടെ പരസ്യം സ്വീകരിച്ച് കീശ വീർപ്പിക്കുന്നതിനുമുമ്പ് മാധ്യമങ്ങൾ അന്വേഷിച്ച് ഒരു അന്വേഷണ പര... പരമ്പര പ്രസിദ്ധീകരിച്ച് ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത മനോരമ  ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കാണിക്കണമെന്ന് ഓർമ്മിപ്പിക്കട്ടെ. ഈ കമ്പനിക്ക് സ്വന്തമായി ഒരു ഓഫിസോ ഫാക്ടറിയോ ഉണ്ടോ? അതോ പഴയ ആട്, തേക്ക്, മാഞ്ചിയം ആദിയായവയുടെ തനിയാവർ‍ത്തനമാണോ? മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്ന പക്ഷം ഫെയ്സ് ബുക്ക് ഉൾപ്പെടുയുള്ള സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തങ്ങളാൽ ആവുന്ന വണ്ണം അറിയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് സത്യമെങ്കിൽ ഈ സംരംഭം വിജയിക്കട്ടെ... അല്ലെങ്കിൽ സോഷ്യൽ മീഡിയായുടെ അന്വേഷണമികവും പ്രതികരണശേഷിയും ബോധ്യപ്പെടുത്താനുള്ള അവസരമായിരിക്കട്ടെ ഇതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എല്ലാ സത്യാന്വേഷികളുടെയും ഉറ്റ സ്നേഹിതൻ
ഗിൽബർട്ട് കെ. എൽ കണ്ടച്ചിറ 
ആദ്യം അന്വേഷിക്കേണ്ട വിവരം
Registered Office
B-44, Sector 63, Noida-201301
08822232323, 01204313097
info@ringingbells.co.in
നോയിഡയി‍ൽ താമസിക്കുന്ന മലയാളികൾക്ക് ഇക്കാര്യത്തിൽ ഏറെ കാര്യങ്ങൾ പങ്ക് വയ്ക്കാൻ കഴിയും. കഴിയട്ടെ. 

Saturday, January 30, 2016

മെനക്കെട്ടിരുന്ന് തിര എണ്ണി തിട്ടപ്പെടുത്തിയവനെ സമ്മതിക്കണം.


മെനക്കെട്ടിരുന്ന് തിരയെണ്ണി തിട്ടപ്പെടുത്തിയവനെ സമ്മതിക്കണം.

Thursday, January 14, 2016

വരുമാന സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചാല്‍ കിട്ടുന്നത് വരവ് കണക്കാക്കിയ സര്‍ട്ടിഫിക്കല്ല, ചെലവ് കണക്കാക്കിയ സര്‍ട്ടിഫിക്കറ്റാണ്

കേരളാ മെഡിക്കല്‍/എ‍ഞ്ചിനീയറിംഗ് എന്‍ട്രന്‍സ് ആദ്യം മുട്ടേണ്ട വാതിലുകള്‍ അമ്മോ കടുകട്ടി
സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന ഒരു ദരിദ്രന്‍ തന്‍റെ മകനെ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനും പറഞ്ഞുവിട്ടു.
പറ്റുചീട്ടെവിടെ? അക്ഷയചോദ്യം. (1)
വാടകവീട്ടിലാണ് താമസം. പിന്നെങ്ങനെ പറ്റ്ചീട്ടുകിട്ടാന്‍.
വാടകച്ചീട്ടെവിടെ? അക്ഷയചോദ്യം. (2) ദൈവകൃപയാല്‍ സ്കൂള്‍ രേഖയിലും ആധാര്‍ കാര്‍ഡുകളിലും മുന്‍ വാടക വീടിന്‍റെ മേല്‍വിലാസം കിട്ടിയിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ വീട് മാറി പുതിയൊരു വീട്ടിലാണ്. രക്ഷകര്‍ത്താവ് ജനിച്ചത് ഒരു വില്ലേജില്‍. ഇപ്പോള്‍ താമസിക്കുന്നത് മറ്റൊരു വില്ലേജിലും. ഒരു തരത്തില്‍ മല്ലിട്ട് ഓണ്‍ ലൈന്‍ അപേക്ഷ കയറ്റി  വിട്ടു.
അടുത്ത പടി വില്ലേജാഫീസര്‍ വരുമാനം കണക്കാക്കുന്നതാണ്. അത്  കേള്‍ക്കേണ്ടതുതന്നെ.
വില്ലേജാഫീസര്‍ -   പറ്റ് ചീട്ടെവിടെ?
സ്വന്തമായി ഭൂമിയും വീടുമില്ല സാര്‍. കഴിഞ്ഞ വര്‍ഷം കിട്ടിയ വരുമാന സര്‍ട്ടിഫിക്കറ്റ് തുക മറ്റ് പലരുമായി നോക്കുമ്പോള്‍ വളരെ കൂടുതലായിരുന്നു സാര്‍.
വില്ലേജാഫീസര്‍ - അതെങ്ങനെയാണ് കൂടുതലാവുന്നത്. എത്രയാണ് നിങ്ങള്‍ വീട്ടു വാടക കൊടുക്കുന്നത്.   .(നിങ്ങള്‍ കൂട്ടുക)
നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്യുന്ന കടയ്ക്ക് വാടക എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
 നിങ്ങളുടെ കറണ്ട് ചാര്‍ജ്  എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
നിങ്ങളുടെ  കുട്ടികളുടെ വണ്ടിക്കൂലിയും വിദ്യാഭ്യാസ ചെലവുകളും എത്രയാണ്  (നിങ്ങള്‍ കൂട്ടുക)
നിങ്ങളുടെ കുടുംബത്തിന്‍റെ ഭക്ഷണചെലവ് എത്രയാണ്  (നിങ്ങള്‍ കൂട്ടുക) അങ്ങനെ താങ്കളൊന്ന് കൂട്ടിനോക്കിക്കേ. ഇതില്‍നിന്ന് ആയിരമോ രണ്ടായിരമോ മാത്രമേ ഞാന്‍ അധികം കൂട്ടിയിട്ടുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍ വില്ലേജാഫീസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനപേക്ഷിച്ചാല്‍ കിട്ടുന്നത് വരവ് കണക്കാക്കിയ സര്‍ട്ടിഫിക്കല്ല, ചെലവ്  കണക്കാക്കിയ സര്‍ട്ടിഫിക്കറ്റാണ്. ഇതൊക്കെ ആരോട് പറയാന്‍. എങ്കിലും എങ്ങനെ പറയാതിരിക്കും.വീടും കൂടുമല്ലാത്തവരെ അക്ഷയകേന്ദ്രം മുതല്‍ ഇങ്ങനെ ഏത്തമിടീക്കല്ലേ സാറന്മാരേ. വീടും കൂടുമൊന്നും ആരും സൌജന്യമായി കൊടുത്തില്ലെങ്കിലും  കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍  മനസ്സ് നോവിക്കാതെ പാവങ്ങള്‍ക്ക് കൊടുക്കാനുള്ള നടപടിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അന്യായക്കാരനില്ലാത്ത പരാതികള്‍ പരിഹരിക്കപ്പെടില്ലെന്നത് നാട്ടുനടപ്പായതിനാല്‍
പൊതുജനതാല്പര്യാര്‍ത്ഥം

(ഒപ്പ്)
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
ഫോണ്‍-9400808142





Friday, January 8, 2016

പി എസ് സി വിജ്ഞാപനം പി എസ് സി വെബ് സൈറ്റില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ മറച്ചുവയ്ക്കുന്നതെന്തിന്?

പി എസ് സി വിജ്ഞാപനം പി എസ് സി വെബ് സൈറ്റില്‍നിന്ന് ആദ്യ ദിവസങ്ങളില്‍ മറച്ചുവയ്ക്കുന്നതെന്തിന്?
മുകളില്‍ കാണുന്നത് 4 1 16ലെ മനോരമ പത്രത്തില്‍ വന്ന മനോരമയുടെ തന്നെ തൊഴില്‍ വീഥി യുടെ പരസ്യമാണ്. മനോരമ പത്രം കാശ് കൊടുത്ത് വാങ്ങിക്കുന്ന ഉദ്യോഗാര്‍ഥികള്‍തന്നെ തിങ്കളാഴ്ച വീണ്ടും കാശുകൊടുത്ത് തൊഴില്‍വീഥിയും വാങ്ങി കാശ് കളഞ്ഞ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് വെള്ളിയാഴ്ചയായി. തൊഴില്‍വീഥി വിറ്റ് തീര്‍ന്ന ബുധനാഴ്ച മനോരമ ദിനപ്പത്രം ഇതേ നോട്ടിഫിക്കേഷനുകള്‍ പത്രത്തില്‍ സൌജന്യമായി (ഓശാരമായി) നമുക്ക് വിളമ്പിയും തന്നിരുന്നു. 

മുകളില്‍ കാണുന്നത് ഇന്ന് രാവിലെ ആകാഷയോടെ ലോഗിന്‍ ചെയ്ത ഒരു ഉദ്യാഗാര്‍ത്ഥിയുടെ നോട്ടിഫിക്കേഷന്‍ പേജാണ്. ഇതില്‍ എവിടെ 161 തസ്തിക?


മുകളില്‍ കാണുന്നത് ടി ലോഗിന്‍ ചെയ്ത ഉദ്യോദാര്‍ത്ഥി പി എസ് സി വെബ്സൈറ്റിന്‍റെ മെയിന്‍ പേജില്‍ കയറി നോട്ടിഫിക്കേഷന്‍ ക്ലിക്കിയപ്പോള്‍ കിട്ടിയ പേജിന്‍റെ ദൃശ്യമാണ്.  അവിടെ
ഇങ്ങനെ കാണാം. 
LAST DATE: 03.02.2016
CATEGORY NOS. 479/2015 TO 639/2015

ഇതില്‍ ക്ലിക്കിയാല്‍ ബാക്ക് പേജിലേക്ക് പോകും. പിന്നെ എവിടെയാണ് വിജ്ഞാപനം വായിക്കേണ്ടത്? 
പി എസ് സി യുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വിജ്ഞാപനത്തിന്‍റെ പൂര്‍ണ്ണരൂപം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിറ്റ് കാശ് വാരാന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന തൊഴില്‍ മാധ്യമ-പി എസ് സി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പി എസ് സി ചെയര്‍മാനോടും സംസ്ഥാന സര്‍ക്കാരിനോടും താഴ്മയായി അപേക്ഷിക്കുന്നു.

എന്ന് 

പൊതുജന താല്പര്യാര്‍ത്ഥം
ഗില്‍ബര്‍ട്ട് കെ എല്‍ കണ്ടച്ചിറ
ഫോണ്‍-9400808142