Monday, November 14, 2016

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്.

മോദിജിയെ തൂക്കിലേറ്റേണ്ടിവരില്ല. ഫലം കാണാനുണ്ട്. 
മോദിജിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രത്യക്ഷത്തില്‍തന്നെ ഫലം കാണാനുണ്ടെന്നാണ് എന്‍റെ പക്ഷം. അത് മുന്നേതന്നെ തനിക്ക് വേണ്ടപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നുവെന്നും അതിന് തെളിവാണ് ഏതോ ബി.ജെ.പി. നേതാവ് തലേദിവസം ഒരുകോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതെന്നും ചിലര്‍
 ആരോപിക്കുന്നുണ്ട്. ഒരുകോടി രൂപയുടെ വ്യാജനോട്ട്  തലേദിവസം ബാങ്കില്‍ നിക്ഷേപിച്ച് ഈ ദിവസങ്ങള്‍ക്കകം ചെറിയ നോട്ടാക്കി മാറ്റിയെങ്കില്‍മാത്രമേ അതിനെ തിരിമറി എന്ന് പറയാവൂ. ഏതൊരു പൌരനും ഇപ്പോഴും ശുദ്ധമായ എ ത്രപണം വേണമെങ്കിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പിന്നെ എന്തഴിമതി? ആ നേതാവ് വിവരം നേരത്തെ മണത്തറിഞ്ഞുകാണും. അയാള്‍ ഉചിതമായി പ്രവര്‍ത്തിച്ചു. അത്രമാത്രം.
ഈ ഓപ്പറേഷന്‍റെ പ്രത്യക്ഷത്തിലുള്ള ഒരു ഗുണം സാധാരണക്കാരായ വീട്ടമ്മമാര്‍പോലും ആവശ്യത്തിന് ചാളപോലും വാങ്ങിക്കഴിക്കാതെ  പൂഴ്ത്തിവച്ചിരുന്ന കെട്ടുകണക്കിന് നോട്ടുകള്‍ പുറത്തെത്തിക്കാനായി എന്നതാണ്. ചെറുകിട കച്ചവടക്കാര്‍ ഏതെങ്കിലും ഉല്‍പ്പന്നം ക്ഷാമമുള്ള കാലത്ത് അമിതമായി സൂക്ഷിച്ചാല്‍ അതിനെ പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞ് കേസെടുക്കാന്‍ വകുപ്പുണ്ട്. അങ്ങനെയെങ്കില്‍ ഏതെങ്കിലും ബാങ്കിലിടാതെ അമിതമായി കയ്യില്‍ സൂക്ഷിക്കുന്നതിനെയും പൂഴ്ത്തിവയ്പ്പ് എന്ന് പറഞ്ഞുകൂടേ?  പണ്ട് എന്‍റെ കുഞ്ഞുന്നാളുകളില്‍ 25 പൈസ, 50 പൈസ ഇവയ്ക്കൊക്കെ 4 അണ, 8 അണ  എന്നിങ്ങനെയായിരുന്നു വിളിച്ചിരുന്നത്. 4 അണയ്ക്ക് ധാരാളം ചെറിയ കായല്‍മീനുകളൊക്കെ കിട്ടുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ അസാധുവായ ചെറിയ ചെമ്പ് തുട്ടുകള്‍ കിട്ടുമായിരുന്നു. അതിന് നടുവിലായി വൃത്തത്തില്‍ വെട്ടിമാറ്റിയിരിക്കും. ഇതിന് ചക്രം എന്നാണത്രേ പേര് വിളിച്ചിരുന്നത്. എത്ര അര്‍ഥവത്തായ പേര്.
ചക്രം എന്നാല്‍ ഉരുളുന്നത് എന്നല്ലേ അര്‍ത്ഥം. നാണയവും രൂപയുമെല്ലാം ഇതുപോലെ ഉരുളേണ്ടതുതന്നെ. ഒരു കൈയ്യില്‍നിന്ന് മറ്റൊരു കൈയ്യിലേക്ക്. അവിടെനിന്ന് മറ്റൊരു കൈയ്യിലേക്ക്. പക്ഷെ നാം എന്താ ചെയ്തിരുന്നത്. അതെല്ലാം സ്വന്തം കൈയ്യില്‍ കുന്നുകൂട്ടി. ആ നിലച്ചുപോയ ഒഴുക്ക് പുനസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ അത്ഭുതമല്ലേ. നാം ബൈബിളില്‍ വായിച്ചിട്ടില്ലേ? ദൈവം ഉണ്ടാകട്ടെ എന്നു പറഞ്ഞു. അതുണ്ടായി. ഇവിടെ ഇതാ മോദി ഏതാനും മിനിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നു. കുറച്ചുനാള്‍ മുമ്പും ഇതുപോലൊരു മാജിക് മോദിയില്‍നിന്നും നാം കണ്ടതാണ്. എസ്. ബി. റ്റി.യില്‍നിന്നും ഒരു അക്കൌണ്ട് എടുക്കണമെങ്കില്‍ ആഴ്ചകള്‍  ഏറെയെടുക്കുമായിരുന്നു. അന്ന് മോദി ഒരു വാക്ക് പറഞ്ഞു. എന്ത് ലളിതമായി ഒറ്റദിവസംകൊണ്ട് എത്രായിരം പേര്‍ക്ക് അക്കൌണ്ട് തുറന്നുകിട്ടി.
ഇനി സ്വിസ് ബാങ്കിലിട്ടിരിക്കുന്നവരുടെ കാര്യം. ആ പണം ഇനി അവരെങ്ങനെ ധൈര്യമായി നാട്ടില്‍ ചെലവാക്കും? ആ പണം ആ ബാങ്കുകാര്‍ക്ക് ലോണ്‍ കൊടുക്കാനും മറ്റും ചെലവഴിക്കാനേ പറ്റൂ എന്നാണ് എന്‍റെ ചിന്ത. അല്ലെങ്കില്‍ അവിടെ പോയി സ്വിസ് ബാങ്കിന്‍റെ മുന്നിലെ വല്ല തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചുതീര്‍ക്കേണ്ടിവരും.
ഇന്നത്തെ അരക്ഷിതാവസ്ഥ താല്ക്കാലികം മാത്രം. ചിലരുടയൊക്കെ കൈയ്യിലിരിക്കുന്ന ചില്ലറ മണികള്‍കൂടി ഒന്ന് ഇളക്കാമെങ്കില്‍ ഒറ്റദിവസംകൊണ്ട് തീരും ഈ ചില്ലറ ക്ഷാമം. പിന്നെ കമ്പോളം ഉണരും. മാറിക്കിട്ടിയ കാശുകൊടുത്ത് ഇനിയുമിതുപോലെ കൂട്ടിവയ്ക്കാതെ ഏറെപ്പേരും വല്ലതുമൊക്കെ വാങ്ങിച്ചു കഴിക്കും.  അമ്മയ്ക്കും മക്കള്‍ക്കും വേണ്ടതൊക്കെ വാങ്ങിക്കൊടുക്കാന്‍ ഉത്സാഹിക്കും. ഭൂമിവില കുറയും.   പാവപ്പെട്ടവര്‍ക്ക് വീട് വാങ്ങാം. ചെറിയ ചെറിയ ആധാരം എഴുത്ത് കൂടും.
അങ്ങനെ ഇനിയുമുണ്ടേറെ പറയാന്‍. പ്രതികരണങ്ങള്‍ കണ്ടിട്ടെഴുതാം അതെല്ലാം. മോദിജീ അങ്ങയെ ദൈവം സംരക്ഷിക്കട്ടെ.

No comments: