Friday, April 1, 2016

ഇന്ന് എൻറെ 50-ആം ജന്മദിനം


പ്രിയ കൂട്ടുകാരേ,
ഇന്ന് എൻറെ 50-ആം ജന്മദിനമാണ്. ലോകം മുഴുവൻ സാഘോഷം ആഘോഷിക്കുന്ന സുദിനം. ഏപ്രിൽ 1. എന്തൊക്കെയാണ് ഈ സുദിനത്തിൻറെ പ്രത്യേകത?
1. ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. (ഡിസംബർ 25 ക്രിസ്തുമസ് -ലോകമങ്ങുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കുന്നു. നബിദിനം ലോകമങ്ങുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി എല്ലാ ഭാരതീയരും ആഘോഷിക്കുന്നു.) എന്നാൽ എൻറെ ജന്മദിനം ലോകം മുഴുവൻ -ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്നു. കാരണം  അന്നാണ് ലോക വിഡ്ഢി ദിനം. വിഡ്ഢിയെ  കഴുതയെന്നു  വിളിക്കാറില്ലേ? യേശുവിന്റെ രാജകീയ പ്രവേശനം ഒരു കഴുതയുടെ പുറത്തായിരുന്നല്ലോ?

2. സാമ്പത്തികരംഗം എൻറെ പിറവി ദിനം വർഷാരംഭമായി കണക്കാക്കുന്നു.


3. പിന്നെ, ഈ  50-ആം വർഷത്തെ പ്രത്യേകത ഉമ്മൻചാണ്ടി സർക്കാർ 75 വയസ്സ് പൂർത്തിയായ എല്ലാ പൌരന്മാർക്കും ഏർപ്പെടുത്തിയ 1500 രൂപ പെൻഷൻ പ്രാബല്യത്തിൽ വരുന്ന സുദിനമാണ്. കൃത്യം 25 വർഷംകൂടി കടന്നുകിട്ടിയാൽ എനിക്കും അങ്ങനെ പെൻഷൻ വാങ്ങിക്കാലോ എന്നത് സന്തോഷംതന്നെ.


എന്റെ ജ്ഞാനസ്നാനം 1966 ഏപ്രിൽ 9 വലിയ ശനിയാഴ്ചയായിരുന്നു. മറ്റൊരു പ്രത്യേകതയും എന്റെ ജ്ഞാനസ്നാനത്തിനുണ്ട്. യേശുവിനെ ദൈവാലയത്തിൽ കാഴ്ച വച്ചതും യേശു എന്ന് വിളിച്ചതും ജനിച്ചു എട്ടാം നാൾ  ആയിരുന്നു. എന്നെ ആദ്യമായി ദേവാലയത്തിൽ കൊണ്ടുപോയതും ഗിൽബർട്ട്  എന്ന് പേര് വിളിച്ചതും എട്ടാം നാൾ തന്നെയായിരുന്നു.
എന്റെ തലതൊട്ടപ്പൻ മുതിരവിളയിൽ മർസിലിയും തലതൊട്ടമ്മ തൊടി വടക്കത്തിൽ സന്താനയും. എന്റെ തലതൊട്ടപ്പൻ, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയി. സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ്  യേശു പറഞ്ഞില്ലേ. ഞാൻ പോയി നിങ്ങൾക്കായി സ്ഥലം ഒരുക്കി കഴിയുമ്പോൾ വീണ്ടും വന്നു നിങ്ങളെ കൂട്ടികൊണ്ട് പോകുമെന്ന്. എന്റെ തലതൊട്ടപ്പൻ കണ്ടച്ചിറ പള്ളി സെമിത്തേരിയിൽ മരിച്ചവർക്ക് കുഴിയെടുക്കുന്ന രംഗങ്ങൾ ഇപ്പോഴുമെന്റെ മനസിലുണ്ട്. യേശു സ്വർഗത്തു സ്ഥലമൊരുക്കിയവർക്കു ഭൂമിയിൽ അവസാന വാസസ്ഥലമൊരുക്കുന്ന പവിത്രമായ ജോലി ചെയ്തു കടന്നുപോയ എന്റെ തലതൊട്ടപ്പൻ.

ലോകമെങ്ങുമുള്ള എൻറെ പ്രിയം നിറഞ്ഞ എല്ലാ കൂട്ടുകാർക്കും ഈ സുദിനത്തിൻറെ എല്ലാവിധ  ആശംസകളും നേരുന്നു.

എനിക്ക് നേരിട്ടും ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും ജന്മദിനാശംസകൾ നേർന്നവർക്കും മുടങ്ങാതെ എല്ലാ വർഷവും വിളിക്കാറുള്ള എൻറെ കുഞ്ഞു പെങ്ങൾ ഷൈനിമോൾക്കും  ഇനി ആശംസകൾ നേരാനിരിക്കുന്നവർക്കും ഒത്തിരി നന്ദി. ദൈവം എല്ലാവരെയും ഇന്നേദിനം സമൃദ്ധമായനുഗ്രഹിക്കട്ടെ.

ഒത്തിരി ഒത്തിരി സ്നേഹത്തോടെ,

No comments: