Tuesday, November 12, 2013

ആധാർ : ഒരു തുറന്ന കത്ത്

ആധാർ : ഒരു തുറന്ന കത്ത്.

സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...

LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട്‌ ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന്  നിർബന്ധമാണുപോലും! സോറി!  LPG  ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രം കോടതി. ആധാരില്ലാത്തവർക്ക്  ഗ്യാസ് കൊടുക്കണം എന്ന് പറയാതെ കോടതിയുടെ 'അടവ് നയം'! ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത്  സർക്കാർ. ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ,സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG  കുട്ടി മുതൽ, സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ  തുടങ്ങി  'പെട്ടി'യിലേക്ക് കാലും നീട്ടിയിരിക്കുന്ന പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന  100 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി,  ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ.   ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ്  നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും രാഷ്‌ട്രപതി മുതൽ സകല പഞ്ചായത്തിലെയും ഗുമസ്തൻ വരെയുള്ള സകല ഉദ്യോഗസ്ഥ വൃന്ദത്തോടും കാലിൽ വീണപേക്ഷിക്കുന്നു.

വലിയ പ്രതീക്ഷയോടെ,

ഏവരുടെയും
സ്നേഹിതൻ  

1 comment:

ajith said...

ആധാര്‍ കൊടുക്കാതിരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. കൊടുക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാനും!