Saturday, July 20, 2024

 ഇന്ന് രാവിലെ ഓണ്‍ലൈന്‍ കുര്‍ബാന കൂടിയത് ഐ.എം.എസ്. ധ്യാനഭവനിലായിരുന്നു. ഇന്നത്തെ സുവിശേഷവായന വിധവയുടെ ചില്ലിക്കാശിനെക്കുറിച്ചായിരുന്നു. എത്രയോ പ്രാവശ്യം കേട്ട സുപരിചിതമായ സുവിശേഷഭാഗം. പക്ഷെ, ആ കുര്‍ബാന സമയം മൊത്തം എന്‍റെ ചിന്തകള്‍ ഈ വരികളില്‍ ഉടക്കിനിന്നു. വിധവ കൊടുത്ത രണ്ട് ചെമ്പ് തുട്ട് അന്ന് കാണിക്ക ഇട്ട എല്ലാവരെയും കാള്‍ വലുതായിരുന്നത്രേ. ഇതിന്‍റെ ധനതത്വശാസ്ത്രം എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്നൊരു ചിന്ത. അപ്പോഴൊരു മറുപടി. ദൈവത്തിന് കൊടുക്കുന്നത് സ്വര്‍ഗ്ഗത്തില്‍ രേഖപ്പെടുത്തുന്നത് എപ്പോഴും ശതമാനത്തിലാണത്രേ? ഒരു രൂപ കൊടുത്താലും 1000 കോടി കൊടുത്താലും രേഖപ്പെടുത്തുക അത് ശതമാനമായി മാത്രമെന്ന്. കൊടുത്ത തുക മാത്രമല്ല, ശേഷം കയ്യിലുള്ള തുകയും ദൈവം എണ്ണുമത്രേ? അതില്‍നിന്നും ശതമാനം കണ്ട് അതാണ് രേഖപ്പെടുത്തുക എന്ന്. വിധവയ്ക്ക് ആകെ  2 നാണയം മാത്രമേ ഉണ്ടായിരുന്നുള്ളു. മിച്ചമില്ലാത്തതിനാല്‍ ശതമാനം 100 നേടി.  മറ്റുള്ളവരാകട്ടെ കയ്യില്‍ ഏറെ മിച്ചം കരുതുകയും ചെയ്തു.. പണ്ട് എസ്.എസ്.എല്‍.സി. പരീക്ഷ ജയിക്കാന്‍ 600ല്‍ 210 മാര്‍ക്ക് വേണമായിരുന്നു. അതായത് 35 ശതമാനം. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഈ പരീക്ഷ ജയിക്കാന്‍ വെറും 10 ശതമാനം മതിപോലും. ജസ്റ്റ് പാസ്സ്... പക്ഷെ, ഈ ജസ്റ്റ് പാസ്സ് മാര്‍ക്ക് എനിക്ക് എന്നെങ്കിലും നേടാനാകുമോ ആവോ?